ഉച്ചഭക്ഷണ പദ്ധതി ഫണ്ട് വെട്ടിപ്പ്: പ്രധാന അധ്യാപികയെ സസ്‌പെന്റ് ചെയ്തു

Update: 2018-10-09 15:46 GMT


തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ടില്‍ വെട്ടിപ്പ് നടത്തിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്് ഹെഡ്മിസ്ട്രസിനെയും സസ്‌പെന്റ് ചെയ്്തു. പുത്തൂര്‍ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക ശോഭ പി കെ യെയാണ് സസ്‌പെന്റ് ചെയ്തത്. കോഴിക്കോട് ചേവായൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉച്ചഭക്ഷണ ഓഫിസര്‍ എന്‍ പി ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. ചേവായൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ കീഴില്‍ വരുന്ന പുത്തൂര്‍ ഗവ.യുപി സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 12ന് കോഴിക്കോട് ജില്ലാ ധനകാര്യ പരിശോധനവിഭാഗം ഈ സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ സ്‌കൂള്‍ അധികൃതര്‍ വ്യാജബില്ലുകള്‍ ഹാജരാക്കി 2,97,239 രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. ഈ സ്‌കൂളില്‍ 2017 നവംബര്‍ ഏഴിന് ചേവായൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉച്ചഭക്ഷണ ഓഫിസറായ എന്‍പി ബാലകൃഷ്ണന്‍ പരിശോധന നടത്തിയെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം സ്‌കൂള്‍ രേഖകള്‍ സൂക്ഷിക്കുന്നതിനോ ബില്ലുകളും വൗച്ചറുകളും തയ്യാറാക്കുന്നതിനോ ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനോ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനോ ഉള്ള നടപടികള്‍ ബാലകൃഷ്ണന്‍ സ്വീകരിച്ചതുമില്ല. എന്‍ പി ബാലകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിലെ വീഴ്ചയാണ് ഇത്രയും വ്യാപകമായ അഴിമതിക്ക് സ്‌കൂള്‍ അധികൃതര്‍ക്ക് പ്രേരണയായതെന്ന് കണ്ടെത്തി ധനകാര്യ പരിശോധന വിഭാഗം സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ച റിപോര്‍ട്ട് പ്രകാരം വീഴ്ചയ്ക്ക് ഉത്തരവാദിയായ എന്‍പി ബാലകൃഷ്ണനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്യുകയായിരുന്നു. ക്രമക്കേട് നടത്തിയ കുറ്റത്തിന് ബന്ധപ്പെട്ട സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശോഭ പി കെ യെ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറും സസ്‌പെന്റ് ചെയ്തു. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തതുകൊണ്ടാണ് എന്‍ പി ബാലകൃഷ്ണനെ സസ്‌പെന്റ് ചെയ്തത് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജെസ്സി ജോസഫ് അറിയിച്ചു.

Similar News