ഇസ്‌ലാമോഫോബിയ ന്യൂയോര്‍ക്കിലെ പത്തുലക്ഷം മുസ്‌ലിംകളെയും ബാധിക്കുന്ന വിഷയം: സൊഹ്‌റാന്‍ മംദാനി(VIDEO)
ന്യൂയോര്‍ക്ക്: രാഷ്ട്രീയ എതിരാളികള്‍ തനിക്കെതിരേ വംശീയവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി. എതിരാളികളുടെ ഇസ്‌ലാമോഫോബിയ മേയര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് നോമിനി എന്ന നിലയില്‍ തന്നെ മാത്രമല്ല, ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പത്തുലക്ഷത്തോളം വരുന്ന മുസ്‌ലിംകളെയും ബാധിക്കുന്നു എന്ന് ബ്രോങ്ക്‌സിലെ മുസ്‌ലിം പള്ളിക്ക് മുന്നില്‍ നിന്ന് അദ്ദേഹം പറഞ്ഞു.
Not only is @ZohranKMamdani fighting back against racism and Islamophobia, he is making a lot of people feel seen for the first time.
— Rebecca Katz (@RebeccaKKatz) October 25, 2025
This is a true leadership moment from him. pic.twitter.com/Na1vfJSF7t
''ന്യൂയോര്‍ക്കില്‍ മുസ്‌ലിം ആവുക എന്നത് അപമാനം പ്രതീക്ഷിക്കലാണ്, പക്ഷേ അപമാനം നമ്മെ വ്യത്യസ്തരാക്കുന്നില്ല. അപമാനം നേരിടുന്ന നിരവധി ന്യൂയോര്‍ക്കുകാരുണ്ട്. അപമാനത്തോട് അസഹിഷ്ണുത കാണിക്കുന്നതാണ് യഥാര്‍ത്ഥ അപമാനം.''-അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തെ വിലക്കയറ്റത്തില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും എതിരാളികളുടെ പ്രവര്‍ത്തനം മൂലം അത് ഇസ്‌ലാമോഫോബിയയില്‍ എത്തിയെന്നും നിലവില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയിലെ അംഗം കൂടിയായ മംദാനി പറഞ്ഞു.
സെപ്റ്റംബര്‍ 11ന് വീണ്ടും ഒരു ആക്രമണം നടന്നാല്‍ മംദാനി 'ആഹ്ലാദിക്കും' എന്ന് റേഡിയോ അവതാരകന്‍ സിഡ് റോസെന്‍ബര്‍ഗ് പറഞ്ഞപ്പോള്‍ മംദാനിയുടെ മുഖ്യ എതിരാളിയായ മുന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ചിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് മംദാനി പള്ളിക്ക് മുന്നില്‍ നിന്ന് തന്നെ വിശദീകരണം നല്‍കിയത്.
