ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്ക് നഗരത്തിലെ അധികാര സ്വഭാവത്തില്‍ മാറ്റം വരുത്താനായി പൂര്‍ണ വനിതാ ടീം രൂപീകരിച്ച് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനി. ഇലാന ലിയോപോള്‍ഡ് എക്‌സിക്യൂട്ടിവ് ഡയറക്ടറായ ടീമാണ് ഇക്കാര്യം ചെയ്യുകയെന്ന് മംദാനി പറഞ്ഞു. മുന്‍ ഫസ്റ്റ് ഡെപ്യൂട്ടി മേയര്‍ മരിയ ടോറസ് സ്പ്രിങര്‍, മുന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷണര്‍ ചെയര്‍ ലിനാ ഖാന്‍, യുണൈറ്റഡ് വേയ്‌സ് പ്രസിഡന്റ് ഗ്രേസ് ബോണില, ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് മുന്‍ ഡെപ്യൂട്ടി മേയര്‍ മെലാനി ഹര്‍സോഗ് എന്നിവരാണ് സംഘത്തിലെ പ്രമുഖര്‍. ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ആന്റി ട്രസ്റ്റ് നയം കര്‍ശനമായി നടപ്പാക്കിയ ലിനാ ഖാന് ഡെമോക്രാറ്റുകളുടെയും പോപുലിസ്റ്റുകളായ റിപ്പബ്ലിക്കന്‍മാരുടെയും പിന്തുണയുണ്ട്. ജനുവരി ഒന്നിന് മംദാനി അധികാരം ഏറ്റെടുക്കുമ്പോഴേക്കും നയങ്ങള്‍ രൂപീകരിക്കുകയാണ് ലക്ഷ്യം.