മുസ്‌ലിം സ്ത്രീകളുടെ അശ്ലീല എഐ ചിത്രങ്ങളും വീഡിയോകളും നിര്‍മിച്ച് പ്രചരിപ്പിച്ച് ഹിന്ദുത്വര്‍

Update: 2025-03-09 14:04 GMT

ന്യൂഡല്‍ഹി: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹിന്ദുത്വര്‍ മുസ്‌ലിം സ്ത്രീകളുടെ അശ്ലീല സ്വഭാവമുള്ള ചിത്രങ്ങളും വീഡിയോകളും നിര്‍മിച്ച് പ്രചരിപ്പിക്കുന്നു. ഹിജാബും ബുര്‍ഖയും ധരിച്ച സ്ത്രീകള്‍ ഹിന്ദു പുരുഷന്‍മാരുമായി ലൈംഗികപരമായ രീതിയില്‍ ഇടപഴകുന്ന ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്ന നൂറുകണക്കിന് പേജുകള്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഉള്ളതായി ഇംഗ്ലീഷ് മാധ്യമമായ 'ദി ക്വിന്റില്‍' വന്ന റിപോര്‍ട്ട് പറയുന്നു.



ഇത്തരം അശ്ലീല ഉള്ളടക്കങ്ങള്‍ ഉള്ള 250 ഇന്‍സ്റ്റഗ്രാം പേജുകളെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞെന്ന് ദി ക്വിന്റില്‍ ആദിത്യ മേനോന്‍ എഴുതിയ റിപോര്‍ട്ട് പറയുന്നു. ''അവയില്‍ പലതും മുസ്‌ലിം സ്ത്രീകളുടെ സോഫ്റ്റ് പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എഐ ടൂളുകള്‍ ഉപയോഗിക്കുന്നു. ഫേസ്ബുക്കില്‍ ഇടപെടലിന്റെ സ്വഭാവം വ്യത്യസ്തമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും കുറച്ച് പേജുകളിലൂടെയാണ്. പക്ഷേ ആയിരക്കണക്കിന് ഫോളോവേഴ്‌സുണ്ട്.''-റിപോര്‍ട്ട് പറയുന്നു.


സ്ത്രീകളുടെ 'മുസ്‌ലിം സ്വത്വം' ബുര്‍ഖയിലൂടെയോ ഹിജാബിലൂടെയോ ആണ് പ്രകടിപ്പിക്കുന്നത്. പുരുഷന്‍മാരുടെ 'ഹിന്ദു സ്വത്വം' രുദ്രാക്ഷമണികള്‍, കൈയ്യിലെ കെട്ട്, നെറ്റിയിലെ കുറി, ശരീരത്തിലെ ചാരം, ഹിന്ദു ചിഹ്നങ്ങളുടെ ടാറ്റൂ, കാവിവസ്ത്രങ്ങള്‍ തുടങ്ങിയവയിലൂടെയാണ് പ്രകടിപ്പിക്കുന്നത്.


പല പേജുകളുടെയും പേരില്‍ തന്നെ 'ഹിജാബി' എന്നൊക്കെ ഉപയോഗിക്കുന്നുണ്ട്. കൂടാതെ പോസ്റ്റുകളിലെ ഹാഷ്ടാഗായും ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നു. ഇത്തരം പോസ്റ്റുകളില്‍ ഹിന്ദുത്വ ഞരമ്പ് രോഗികളുടെ മുസ്‌ലിംസ്ത്രീ വിരുദ്ധ കമന്റുകളും ധാരാളമാണ്.



മുമ്പ് മുസ്‌ലിം സ്ത്രീകളെ വില്‍പ്പനക്ക് വെച്ച 'സുള്ളി ഡീല്‍സിന്' ഇരയായ ഡല്‍ഹിയിലെ ആക്ടിവിസ്റ്റും കവിയുമായ നബിയാ ഖാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ''ഹിജാബ് ധരിച്ച സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ എനിക്ക് ട്വിറ്ററിലൂടെ മെസേജായി ലഭിക്കുന്നുണ്ട്. എന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യാന്‍ കഴിയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നു. എഐ ടൂളുകള്‍ കൂടി വന്നതോടെ സന്ദേശങ്ങളും വര്‍ധിച്ചു.''-നബിയാ ഖാന്‍ പറഞ്ഞു.


ഇത്തരം പോസ്റ്റുകള്‍ തയ്യാറാക്കുന്നവരുടെ മാനസികഘടനയെ കുറിച്ച് എഴുത്തികാരി ആനി സൈദി റിപോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ''അവര്‍ ശിരോവസ്ത്രം ധരിച്ച ഒരു സ്ത്രീയെ കാണുന്നു. പക്ഷേ, അവര്‍ വെറുക്കുന്ന ഒരു പുരുഷന്റെയാണ് ആ സ്ത്രീ. അതിനാല്‍ ആ പുരുഷനെ അപമാനിക്കാന്‍ ആ സ്ത്രീയെ സ്വന്തമാക്കണമെന്ന ഒരു ഫാന്റസി തലയില്‍ രൂപീകരിക്കുന്നു. സ്ത്രീകള്‍ തങ്ങളുടെ സ്വത്താണെന്ന തോന്നലാണ് ഈ ഫാന്റസിയിലും ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് വെറുമൊരു ഫാന്റസിയല്ല, വെറുപ്പിന്റെ ഫാന്റസിയാണ്, ആധിപത്യത്തിന്റെ ഫാന്റസിയാണ്.. അത് അനുവദിക്കപ്പെടുന്നു, പ്രോല്‍സാഹിപ്പിക്കപ്പെടുന്നു...''-ആനി സൈദി വിശദീകരിച്ചു. മുസ്‌ലിം സ്ത്രീകളെ തങ്ങള്‍ കൈവശപ്പെടുത്തേണ്ട ഒന്നായാണ് ഇത്തരം പോസ്റ്റുകള്‍ ഉണ്ടാക്കുന്നവര്‍ കാണുന്നതെന്ന് ആനി സൈദി പറയുന്നു. ഇത് മുസ്‌ലിം സമുദായത്തിന് നേരെയുള്ള ആക്രമണവുമാണ്.

ഹിന്ദു പുരുഷന്‍മാരെ ശക്തരായും ആധിപത്യമുള്ളവരായുമാണ് ഈ ചിത്രങ്ങളില്‍ കാണിക്കുന്നത്. ചില ചിത്രങ്ങളില്‍ ഒരു മുസ്‌ലിം സ്ത്രീയുടെ ചുറ്റില്‍ നിരവധി ഹിന്ദുപുരുഷന്‍മാരുമുണ്ടാവും. മുസ്‌ലീം സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഹിന്ദു പുരുഷന്‍മാര്‍ക്ക് സഹായം നല്‍കാമെന്ന് പറയുന്ന ചില പേജുകളും സോഷ്യല്‍മീഡിയയില്‍ നിര്‍മിച്ചിട്ടുണ്ട്. ഒഡീഷയിലെ ഒരു പേജിനെ കുറിച്ച് റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 'ലൈംഗിക സംതൃപ്തി' തേടുന്ന 'മുസ്‌ലിം പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും ആവശ്യമുണ്ടെന്ന് പറയുന്ന പോസ്റ്റുകളും ഇത്തരം പേജുകളില്‍ വരാറുണ്ട്. മുസ്‌ലിം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത് മതപരിവര്‍ത്തനം നടത്താനുള്ള 'ഭഗ്‌വ ലവ് ട്രാപ്പ്' നടത്തുന്നതിനെ കുറിച്ചുള്ള പോസ്റ്റുകളും വരുന്നുണ്ടത്രെ.

ഇത്തരം പേജുകളില്‍ പരാമര്‍ശിക്കപ്പെടുന്ന ഹിന്ദു പുരുഷന്‍മാരുടെ പേരുകളില്‍ ജാതിവാലുമുണ്ട്. 'സാലിം പണ്ഡിറ്റ് (Zalim pandit)', 'സാലിം ബ്രാഹ്മണ്‍', 'സാലിം താക്കൂര്‍' തുടങ്ങിയ പേരുകളാണ് അധികവും. 'സാലിം പണ്ഡിറ്റ്', 'സാലിം ബ്രാഹ്മണ്‍' എന്നീ പേരുകള്‍ ഉള്ള 60 പേജുകളെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ കണ്ടെത്തിയതായും റിപോര്‍ട്ട് പറയുന്നു.

ഇംഗ്ലീഷ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം

https://www.thequint.com/news/politics/artificial-intelligence-muslim-women-hindutva-soft-porn-images-facebook-instagram#read-more