ബംഗാളിലെ അദീന പള്ളി സന്ദര്‍ശിച്ച് യൂസുഫ് പഠാന്‍; വര്‍ഗീയ പ്രചാരണം കെട്ടഴിച്ച് വിട്ട് ബിജെപി

Update: 2025-10-18 05:42 GMT

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ അംഗവുമായ യൂസുഫ് പഠാന്റെ അദീന മസ്ജിദ് സന്ദര്‍ശനം വിവാദമാക്കി ബിജെപി. മാള്‍ഡ ജില്ലയിലെ പുരാതനമായ പള്ളി സന്ദര്‍ശിച്ച് യൂസുഫ് പഠാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് ബിജെപിയും മറ്റു വര്‍ഗീയവാദികളും രംഗത്തെത്തിയത്. അദീന മസ്ജിദ് ആദിനാഥ് ക്ഷേത്രമാണെന്നാണ് ഹിന്ദുത്വരുടെ അവകാശവാദം.

ഒക്ടോബര്‍ 16നാണ് യൂസുഫ് പഠാന്‍ പള്ളി സന്ദര്‍ശിച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ഇങ്ങനെ കുറിപ്പും നല്‍കി. ''പശ്ചിമ ബംഗാളിലെ മാള്‍ഡയിലുള്ള അദീന പള്ളി, പതിനാലാം നൂറ്റാണ്ടില്‍ ഇല്യാസ് ഷാഹി രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ സിക്കന്ദര്‍ ഷാ നിര്‍മ്മിച്ച ഒരു ചരിത്രപ്രസിദ്ധമായ പള്ളിയാണ്. 1373-1375 സിഇയില്‍ നിര്‍മ്മിച്ച ഇത്, ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പള്ളിയായിരുന്നു, ഈ പ്രദേശത്തിന്റെ വാസ്തുവിദ്യാ മഹത്വം പ്രകടമാക്കുന്നു.''

എന്നാല്‍, ഇത് അദീന പള്ളിയല്ല, ആദിനാഥ് ക്ഷേത്രമാണെന്ന ബിജെപി ബംഗാള്‍ യൂണിറ്റ് സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടു. പള്ളി പിടിച്ചെടുക്കാന്‍ കഴിഞ്ഞ കുറച്ചുകാലമായി ഹിന്ദുത്വര്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ചില ഹിന്ദുത്വര്‍ പൂജകളും നടത്തി. അവര്‍ക്കെതിരേ ആര്‍ക്കിയോളജിക്കല്‍ സര്‍വേ പോലിസില്‍ പരാതിയും നല്‍കി.

പള്ളിയുടെ ചരിത്രം

മാള്‍ഡയിലെ ഹസറത്ത് പാണ്ഡുവ(ഫിറുസാബാദ്)യിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. അറബ്, പേര്‍ഷ്യന്‍, ബൈസാന്റിയന്‍ വാസ്തുവിദ്യയുടെ മിശ്രണമാണ് പള്ളി. ദമസ്‌കസിലെ ഗ്രെയിറ്റ് മോസ്‌കുമായി ഇതിന് സാമ്യവുമുണ്ട്. ഒരുകാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പള്ളിയായിരുന്നു ഇത്. ബംഗാല്‍ സുല്‍ത്താനേറ്റിലെ സുല്‍ത്താന്‍ സിക്കന്ദര്‍ ഷായാണ് സിഇ1373ല്‍ ഇത് നിര്‍മിച്ചത്. സുല്‍ത്താനേറ്റിന്റെ തലസ്ഥാനമായ പാണ്ഡുവയിലാണ് ഇത് നിര്‍മിച്ചത്. സിക്കന്ദര്‍ ഷായുടെ ഖബറും പള്ളിയിലുണ്ട്.

Tags: