മാത്യു സാമുവലിന്റെ യുദ്ധവിമാന വീഡിയോ തടഞ്ഞ് യൂട്യൂബ്; കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്രകാരമാണ് നടപടി
ന്യൂഡല്‍ഹി: ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്ന് വീണെന്ന പ്രഖ്യാപിച്ച വീഡിയോ യൂട്യൂബ് തടഞ്ഞു. വിവാദ മാധ്യമപ്രവര്‍ത്തകനായ മാത്യുസാമുവല്‍ പ്രസിദ്ധീകരിച്ച വീഡിയോയാണ് യൂട്യൂബ് നീക്കം ചെയ്തത്. '' ദേശീയ സുരക്ഷയുമായോ പൊതു ക്രമസമാധാനവുമായോ ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവ് കാരണം ഈ ഉള്ളടക്കം നിലവില്‍ ഈ രാജ്യത്ത് ലഭ്യമല്ല''-വീഡിയോ ലിങ്കിലെ പുതിയസന്ദേശം പറയുന്നു.
നേരത്തെ ഈ വീഡിയോക്കെതിരെ പാലക്കാട് അലനല്ലൂര്‍ സ്വദേശിയായ അഡ്വ. മുഹമ്മദ് സബീര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ''മുന്‍പ് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ഇട്ടതിന് കേസ് ഉണ്ടായിരുന്നതും കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച വ്യക്തിയുമാണ് മേല്‍ സൂചിപ്പിച്ച വീഡിയോ പോസ്റ്റ് ചെയ്ത ആള്‍. ഇത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരാണ്. രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യപ്പെടുന്നതും രാജ്യത്തിന്റെ സൈനിക ശക്തിയെ അപഹാസ്യമാക്കുന്നതുമാണ്. ആകയാല്‍ മേപ്പടി മാത്യു സാമൂവല്‍ എന്നവര്‍ക്കെതിരെ യുക്തമായ നിയമ നടപടികള്‍ കൈകൊള്ളാന്‍ അപേക്ഷിക്കുന്നു.''-ഡിജിപിക്ക് നല്‍കിയ പരാതി പറയുന്നു.