ഉപ്പളയില്‍ യുവാവിനെ വെട്ടിക്കൊന്നു

Update: 2025-11-01 14:35 GMT

മംഗളൂരു: നിരവധി ക്രിമിനല്‍ കേസുകളില്‍ ആരോപണവിധേയനായ യുവാവിനെ വെട്ടിക്കൊന്നു. മംഗളൂരുവിലെ ഫൈസല്‍ നഗര്‍ സ്വദേശിയായ നൗഫല്‍ ബജല്‍ എന്നയാളെയാണ് കൊലപ്പെടുത്തിയത്. ഇയാള്‍ തൊപ്പി നൗഫല്‍ എന്നും അറിയപ്പെടുന്നതായി പോലിസ് അറിയിച്ചു. ഉപ്പള റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേശ്വരം പോലിസ് എത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഒരു ക്രിമിനല്‍ സംഘം നൗഫലിനെ വിളിച്ചുവരുത്തിയ ശേഷം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്ന് പോലിസ് വൃത്തങ്ങള്‍ പറയുന്നു. നൗഫലിന്റെ തലയിലും കൈകളിലും ഗുരുതരമായ വെട്ടുകള്‍ ഏറ്റിരുന്നു. നൗഫല്‍ പ്രദേശത്തേക്ക് എത്താന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ബൈക്കും പ്രദേശത്തുനിന്നും പോലിസ് കണ്ടെത്തി. ലഹരിക്കടത്ത്, ഭീഷണിപ്പെടുത്തി പണം പിരിക്കല്‍, സ്വര്‍ണക്കടത്ത് എന്നിവയില്‍ പങ്കാളിത്തമുള്ള നൗഫല്‍ അധോലോകത്തിന്റെ ഭാഗമാണെന്നും പോലിസ് ആരോപിച്ചു. 2017ല്‍ പറങ്കിപ്പേട്ടയില്‍ രണ്ടു പേരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.