ഭാര്യയെയും ആണ്‍സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു

Update: 2025-03-03 00:40 GMT

കലഞ്ഞൂര്‍(പത്തനംതിട്ട): ഭാര്യയെയും ആണ്‍സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷം വിഷ്ണുവിന്റെ വാടക വീടിന്റെ മുന്നിലിട്ടാണ് രണ്ട് പേരെയും ബൈജു ആക്രമിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. ആക്രമണം നടത്തിയ ശേഷം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി ബൈജുവിനെ അറസ്റ്റ് ചെയ്തു.

വിഷ്ണുവും ബൈജുവും ഒരുമിച്ച് പഠിച്ചവരായിരുന്നു. ഭാര്യയും വിഷ്ണുവും തമ്മിൽ ബന്ധമുണ്ടെന്നു ബൈജുവിനു സംശയമുണ്ടായിരുന്നു. വഴക്കിനെ തുടർന്നു വിഷ്ണുവിന്റെ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണു വൈഷ്ണവിയെ വെട്ടിയത്. തൊട്ടുപിന്നാലെ വിഷ്ണുവിനെയും വീട്ടിൽനിന്നു വിളിച്ചിറക്കി ബൈജു ആക്രമിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.വിഷ്ണുവിന്റെ തലയിൽ എട്ടോളം വെട്ടുകൾ ഏറ്റിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.