കോടഞ്ചേരി: പതങ്കയം വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കല്‍ വീട്ടില്‍ റമീസ് (20) ആണ് വൈകിട്ട് മൂന്നുമണിയോടെ മരിച്ചത്. പരപ്പനങ്ങാടിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ്. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.
തുടരെ മുങ്ങിമരണങ്ങള്‍ ഉണ്ടാകുന്ന പതങ്കയത്ത് വേണ്ടത്ര മുന്നറിയിപ്പ് ബോര്‍ഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന ആക്ഷേപം പലപ്പോഴും നാട്ടുകാര്‍ ഉയര്‍ത്താറുണ്ട്. അപകടസാധ്യതയെ തുടര്‍ന്ന്, പുഴയില്‍ വെള്ളം അധികമുള്ള കാലയളവില്‍ നാരങ്ങാത്തോട് വഴി എത്തുന്നവരെ പലപ്പോഴും നാട്ടുകാര്‍ തിരിച്ചയയ്ക്കുകയാണു പതിവ്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ വഴിയും സഞ്ചാരികള്‍ പതങ്കയത്ത് എത്തുന്നുണ്ട്. ആനക്കാംപൊയില്‍ വഴി എത്തുന്നവരെ നിയന്ത്രിക്കുന്നതിനു മാര്‍ഗങ്ങളൊന്നും ഒരുക്കിയിട്ടില്ല. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഫെന്‍സിങ്, ലൈഫ് ഗാര്‍ഡുകളെ ഏര്‍പ്പെടുത്തല്‍ തുടങ്ങിയവ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.