ആലുവ റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാഭീഷണി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കി. ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിനെ താഴെയിറക്കിയത്. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളുടെ മേല്‍ക്കൂരയില്‍ കയറിപ്പറ്റി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്. റെയില്‍വേയുടെ വൈദ്യുതലൈനിലേക്ക് ചാടുമെന്നായിരുന്നു ഭീഷണി. ആരെങ്കിലും അടുത്തുവന്നാല്‍ ലൈനില്‍ ചാടി മരിക്കുമെന്ന് യുവാവ് വിളിച്ചുപറഞ്ഞു. ഇതോടെ അപകടം ഒഴിവാക്കാനായി ലൈനിലെ വൈദ്യുതബന്ധം താത്കാലികമായി വിച്ഛേദിച്ചു. ഇതേത്തുടര്‍ന്ന് എറണാകുളം-തൃശ്ശൂര്‍, തൃശ്ശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും യുവാവിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. യുവാവിന്റെ വീട്ടുകാരെ വീഡിയോകോളില്‍ വിളിച്ചുനല്‍കി അനുനയിപ്പിക്കാനായി ശ്രമം. വീഡിയോ കോളിനിടെ യുവാവിന്റെ ശ്രദ്ധമാറിയ നിമിഷം ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പാലത്തില്‍നിന്ന് മേല്‍ക്കൂരയിലേക്ക് ചാടിയിറങ്ങി യുവാവിനെ കീഴ്പ്പെടുത്തുകയും മേല്‍ക്കൂരയില്‍നിന്ന് താഴെയിറക്കുകയുമായിരുന്നു. യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളമാണ് ആലുവ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്.