കോഴിക്കോട്: ചേവായൂര്‍ പറമ്പില്‍ക്കടവില്‍ എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി വിജേഷ് നാരായണനെ(38)യാണ് ചേവായൂര്‍ പോലിസ് പിടികൂടിയത്. മോഷണശ്രമത്തിനിടെ പുലര്‍ച്ചെ 2.30ഓടെ ഇയാളെ കൈയ്യോടെ പിടിക്കുകയായിരുന്നു. കൗണ്ടറിന്റെ ഷട്ടര്‍ താഴ്ത്തിയിട്ട് എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അതുവഴി എത്തിയ കണ്‍ട്രോള്‍ റൂം പോലിസ് വാഹനത്തിലെ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടുകയായിരുന്നു.
പറമ്പില്‍ കടവിലെ ധനകാര്യ സ്ഥാപനത്തിന്റെ എടിഎം ഷട്ടര്‍ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളില്‍ വെളിച്ചവും ആളനക്കവും ശ്രദ്ധയില്‍പ്പെട്ടപ്പോഴാണു പോലിസ് സംഘം പരിശോധിച്ചത്. എടിഎമ്മിനു പുറത്തു ഗ്യാസ് കട്ടറും കണ്ടതോടെ പോലിസ് ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അകത്തുണ്ടായിരുന്ന യുവാവ് ഭീഷണിപ്പെടുത്തി. ആയുധങ്ങള്‍ കാട്ടിയായിരുന്നു ഭീഷണി. തുടര്‍ന്ന് മൂന്നു പോലിസുകാര്‍ ചേര്‍ന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. എടിഎം തകര്‍ക്കാനായി കൊണ്ടുവന്ന ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.