കാസര്‍കോട്: കാസര്‍കോട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്രപ്രദേശ് സ്വദേശികള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ സകലേശ്പുരിനടുത്ത് കര്‍ണാടക പോലിസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കറന്തക്കാട് ആര്യഭവന്‍ ഹോട്ടലിന്റെ മുന്നിലെ സര്‍വീസ് റോഡിലേക്കാണ് കാറില്‍ അഞ്ചുപേരടങ്ങിയ സംഘമെത്തിയത്. തുടര്‍ന്നാണ് ഹോട്ടലിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്ന മേല്‍പ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ടുപോയത്. വിവരമറിഞ്ഞ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ഇതോടെ അതിര്‍ത്തി സ്റ്റേഷനുകളിലേക്കും അയല്‍സംസ്ഥാനമായ കര്‍ണാടകയിലേക്കും വിവരം കൈമാറി. എല്ലാ സ്റ്റേഷനുകളും കറുത്ത കാറിനെ കണ്ടെത്താനായി ശ്രമം തുടങ്ങി. പിന്നീട് തലപ്പാടിയിലെ ചെക്പോസ്റ്റ് കാര്‍ കടന്നിട്ടുണ്ടെന്നും കര്‍ണാടകയിലേക്ക് എത്തിയെന്നും വിവരം ലഭിക്കുന്നു. അങ്ങനെയാണ് കര്‍ണാടക പോലിസിന്റെ സഹായത്തോടെ സകലേശ് പൂരിന് സമീപത്ത് നിന്ന് പ്രതികള്‍ അറസ്റ്റിലായത്. പ്രതികളെ ഇന്നലെ രാത്രി വൈകീട്ട് കാസര്‍കോട്ടെത്തിച്ചു.
മൂന്ന് ദിവസത്തിലേറെയായി സംഘം ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ബേക്കല്‍ സ്വദേശിയായ ശരീഫ് എന്നയാളാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും സംശയിക്കുന്നു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.