''റഫേലിന്റെ എല്ലാ പാര്‍ട്‌സും ലഭ്യമാണ്'' എന്ന് വാട്ട്‌സാപ്പ് സ്റ്റാറ്റസിട്ട യുവാവ് അറസ്റ്റില്‍
ബുലന്ദ്ഷഹര്‍(യുപി): റഫേല്‍ യുദ്ധവിമാനത്തിന്റെ എല്ലാ പാര്‍ട്‌സും ലഭ്യമാണ് എന്ന് വാട്ട്‌സാപ്പില്‍ സ്റ്റാറ്റസിട്ട യുവാവ് അറസ്റ്റില്‍. ബുലന്ദ്ഷഹര്‍ സ്വദേശിയായ സല്‍മാനെയാണ് അഹമ്മദ്ഗഡ് പോലിസ് അറസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് സല്‍മാന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും ഒരു പ്രത്യേക സമുദായത്തിന്റെ വികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ബോധപൂര്‍വ്വം ഇട്ടതാണെന്നും പോലിസ് ആരോപിച്ചു. ഇത്തരം പോസ്റ്റുകള്‍ രാജ്യത്തിന്റെ സുരക്ഷയേയും സാമുദായിക ഐക്യത്തെയും തകര്‍ക്കുമെന്നും പോലിസ് അവകാശപ്പെട്ടു. സൈനിക ഉപകരണങ്ങളുടെ ലഭ്യതയെ കുറിച്ച് പറയുന്നത് ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും പോലിസ് പറയുന്നു. സല്‍മാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് അഹമ്മദ്ഗഡ് പോലിസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് പറഞ്ഞു. ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.