ഗര്‍ഭിണിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു, ലിവ് ഇന്‍ പാര്‍ടണര്‍ യുവാവ് അറസ്റ്റില്‍
കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ കൂടെ താമസിച്ചുവന്നിരുന്ന യുവാവ് അറസ്റ്റില്‍. വേനപ്പാറയ്ക്കടുത്ത് പെരിവില്ലി ചൂരപ്പാറ ഷാഹിദ് റഹ്‌മാനാണ്(28) അറസ്റ്റിലായത്. ഇയാളെ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി സ്വദേശിനിയായ 28-കാരിയാണ് പീഡനത്തിന് ഇരയായതെന്ന് പോലിസ് പറയുന്നു. യുവതിക്ക് മറ്റുവ്യക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. യുവതിയെ ചൂരപ്പാറയിലുള്ള വീട്ടില്‍ ദിവസങ്ങളായി പ്രതി പൂട്ടിയിട്ടു. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും വായില്‍ തുണിതിരുകി ഇലക്ട്രിക് ഇസ്തിരിപ്പെട്ടി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചു. പ്ലാസ്റ്റിക് വയര്‍കൊണ്ട് കഴുത്തില്‍ കുടുക്കി വലിക്കുകയും ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പോലിസ് രേഖകള്‍ പറയുന്നു. യുവാവില്ലാത്ത സമയത്ത് മുറിയില്‍നിന്ന് രക്ഷപ്പെട്ട യുവതി, നാട്ടുകാരുടെ സഹായത്തോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും ചികിത്സതേടുകയായിരുന്നു.
കോടഞ്ചേരി, തിരുവമ്പാടി, താമരശ്ശേരി തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ പ്രതിയുടെപേരില്‍ മയക്കുമരുന്ന് കൈവശം വെച്ചതിനും സ്ത്രീപീഡനം, അടിപടി എന്നിവയ്ക്കും ഏഴോളം കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറയുന്നു.