ഡോക്ടറെന്ന് തെറ്റിധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ചെന്ന്: യുവാവ് അറസ്റ്റില്‍
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിജി ഡോക്ടറെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കുറ്റിക്കാട്ടൂര്‍ മയിലാംപറമ്പ് നൗഷാദിനെയാണ് (27) മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.അറസ്റ്റിലായ നൗഷാദിന്റെ ഭാര്യ ആ സമയത്ത് ഒമ്പതാം വാര്‍ഡില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. പീഡനത്തിന് ഇരയായ യുവതിയുടെ അച്ഛനും ഇതേ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നു. ആശുപത്രിയിലെ പിജി ഡോക്ടറുടെ പേര് വിജയ് എന്നാണെന്ന് മനസിലാക്കിയ നൗഷാദ് ഡോക്ടറുടെ പേരില്‍ യുവതിക്ക് മെസേജ് അയക്കാന്‍ തുടങ്ങി. പിന്നീട് ഫോണിലൂടെ വിവാഹ അഭ്യര്‍ഥനയും നടത്തി. നാലുതവണ യുവതിയുടെ വീട്ടിലുമെത്തി. മറ്റുള്ളവര്‍ കാണാതിരിക്കാന്‍ വരുന്ന സമയം വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യുവാന്‍ പ്രതി യുവതിയോട് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ പ്രതിയുടെ മുഖം കൃത്യമായി കാണാന്‍ യുവതിക്ക് കഴിഞ്ഞിരുന്നില്ല.
പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയതോടെ യുവതി ഡോ. വിജയിയെ അന്വേഷിച്ച് മെഡിക്കല്‍ കോളേജില്‍ എത്തല്‍ പതിവായി. വിവാഹ വാഗ്ദാനം ലംഘിച്ചെന്ന് അറിഞ്ഞ യുവതിയുടെ ബന്ധു ആശുപത്രിയില്‍ കയറി ഡോക്ടറെ അടിക്കുകയുമുണ്ടായി. ഇതില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ മെഡിക്കല്‍ കോളജ് പോലിസിലും ഡോ. വിജയ്ക്കെതിരെ യുവതി ചേവായൂര്‍ പോലിസിലും പരാതി നല്‍കിയിരുന്നു.