''അനാഥത്വത്തിന്റെ ഒറ്റപ്പെടല്‍ മാറ്റാന്‍ നാലു വിവാഹം'' യുവാവ് അറസ്റ്റില്‍
കോന്നി: അനാഥത്വത്തിന്റെ കണ്ണീര്‍ക്കഥകള്‍ പറഞ്ഞുനടന്ന് നാലു വിവാഹം കഴിച്ചയാള്‍ അറസ്റ്റില്‍. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നിയില്‍ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ദീപു ഫിലിപ്പി(36)നെയാണ് കോന്നി പോലിസ് പിടികൂടിയത്. ദീപുവിന്റെ രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ് ബുക്ക് ഫ്രണ്ടായതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.
താന്‍ അനാഥനാണെന്നും വിവാഹം കഴിച്ചാല്‍ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നുമുള്ള സങ്കടം ദീപു യുവതികളോട് പറയുമെന്ന് പോലിസ് പറഞ്ഞു. ഇതില്‍ വീഴുന്ന സ്ത്രീകളെ വിവാഹം കഴിക്കും. തുടര്‍ന്ന് ഒരുമിച്ചുജീവിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം അടുത്ത സ്ത്രീയെ തേടിപ്പോകും. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ് കല്യാണം കഴിച്ചായിരുന്നു തുടക്കം. ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ടായി. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയശേഷം മുങ്ങി.
പിന്നീട് കാസര്‍കോട്ടുള്ള മറ്റൊരു യുവതിയുമായി തമിഴ്‌നാട്ടിലേക്ക് കടന്ന ദീപു അവിടെ കുറേക്കാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു. പിന്നീട് എറണാകുളത്ത് എത്തി ഒരു സ്ത്രീയുമായി അടുത്തു. കുറച്ചുനാള്‍ അവരുമൊത്ത് കഴിഞ്ഞപ്പോഴാണ് ഫെയ്‌സ്ബുക്കിലൂടെ ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ടത്. വിവാഹമോചിതയായ ഇവരെ അര്‍ത്തുങ്കല്‍വെച്ച് വിവാഹം കഴിച്ചു.
രണ്ടാമത്തെ ഭാര്യ അടുത്തിടെ ദീപുവിന്റെ നിലവിലെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുടെ ഫെയ്‌സ്ബുക്ക് സുഹൃത്തായി. അപ്പോഴാണ് അവരുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് തന്റെ മുന്‍ ഭര്‍ത്താവ് ഇരിക്കുന്ന ചിത്രം കണ്ടത്. ഇതോടെ രണ്ടാം ഭാര്യ ദീപുവിന്റെ കള്ളക്കളികള്‍ വിശദീകരിച്ചുകൊടുത്തു. ദീപുവിന് മുമ്പ് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ഇന്‍ഷുറന്‍സ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോള്‍ തന്നോടുള്ള താത്പര്യം കുറഞ്ഞതായും ഉപേക്ഷിച്ചുകടക്കാന്‍ പോകുന്നെന്നും ഇതിനിടെ ആലപ്പുഴ സ്വദേശിനിക്ക് സംശയം തോന്നി. തുടര്‍ന്നാണ് കോന്നി പോലിസില്‍ പരാതി നല്‍കിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
