'നിങ്ങളുടെ കരിയര്‍ നശിച്ചു': ജി എന്‍ സായിബാബ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് 'മുന്നറിയിപ്പ്' നല്‍കി ജഡ്ജി
മുംബൈ: സാമൂഹിക പ്രവര്‍ത്തകനായിരുന്ന പ്രഫ. ജി എന്‍ സായിബാബയുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളാക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 'മുന്നറിയിപ്പ്' നല്‍കി പോലിസ്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ഥികളായ ഒമ്പതുപേര്‍ക്കാണ് ജഡ്ജി ' മുന്നറിയിപ്പ്' നല്‍കിയത്. നിങ്ങളുടെ കരിയര്‍ നശിച്ചെന്ന് കേസിലെ അറസ്റ്റ് തടഞ്ഞത് നീട്ടുന്ന സമയത്ത് കോടതി പറഞ്ഞു. ''നിങ്ങളില്‍ എത്ര പേര്‍ മഹാരാഷ്ട്രയ്ക്ക് പുറത്തുനിന്നുള്ളവരാണ്? ഇതിനൊക്കെ വേണ്ടിയാണോ നിങ്ങള്‍ മഹാരാഷ്ട്രയില്‍ പഠിക്കാന്‍ വന്നത്. നിങ്ങളുടെ അച്ഛന്മാര്‍ക്ക് കേസിനെക്കുറിച്ച് അറിയാമോ. നിങ്ങളുടെ അച്ഛന്‍മാര്‍ സര്‍ക്കാര്‍ ജോലിയിലുണ്ടോ?. കേസുള്ളതിനാല്‍ നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ല. സ്വകാര്യ ജോലിയില്‍ പ്രവേശിച്ചാലും ക്രിമിനല്‍ കേസ് വെളിപ്പെടുത്തേണ്ടിവരും''-ജഡ്ജി പറഞ്ഞു. ''നിങ്ങള്‍ക്ക് ഇപ്പോള്‍ ക്രിമിനല്‍ റെക്കോര്‍ഡുണ്ട്. അത് പോലിസിന്റെ കൈവശമുണ്ട്. ഇവിടെ മാത്രമല്ല, രാജ്യത്ത് എല്ലായിടത്തും അത് ലഭ്യമാണ്. കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ മണ്ടത്തരം ചെയ്തു. നിങ്ങളുടെ കരിയര്‍ നശിച്ചു.''-ജഡ്ജി പറഞ്ഞു.
ഡല്‍ഹി സര്‍വകലാശാല അധ്യാപകനായ ജി എന്‍ സായിബാബയെ ബോംബൈ ഹൈക്കോടതി മാവോവാദി കേസില്‍ വെറുതെവിട്ടിരുന്നു. അതിന് പിന്നാലെ അദ്ദേഹം മരിക്കുകയും ചെയ്തു. സായിബാബയുടെ ഒന്നാം ചരമവാര്‍ഷികമായ 2025 ഒക്ടോബര്‍ 12നാണ് വിദ്യാര്‍ഥികള്‍ അനുസ്മരണ പരിപാടി നടത്തിയത്. തുടര്‍ന്ന് ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനകള്‍ പരിപാടിക്കെതിരേ പ്രതിഷേധിച്ചു. അതിനെ തുടര്‍ന്നാണ് പരാതിയും കേസും.