യെമന്റെ സൈനിക നടപടികള്‍ അമേരിക്കയെ ആക്രമണം നിര്‍ത്താന്‍ നിര്‍ബന്ധിതരാക്കി: സയ്യിദ് അല്‍ഹൂത്തി
സന്‍ആ: ഗസയിലെ ഫലസ്തീനി ചെറുത്തുനില്‍പ്പിന് പിന്തുണ പ്രഖ്യാപിച്ച് യെമന്‍ നടത്തിയ ആക്രമണങ്ങള്‍ തടയുന്നതില്‍ യുഎസ് പരാജയപ്പെട്ടെന്നും അതാണ് അവര്‍ വെടിനിര്‍ത്തലിന് തയ്യാറായതെന്നും അന്‍സാറുല്ലാ പ്രസ്ഥാനത്തിന്റെ പരമോന്നത നേതാവായ സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി. ഈ ആഴ്ച മാത്രം യുഎസ് യെമനില്‍ ഏകദേശം 200 വ്യോമ-നാവിക ആക്രമണങ്ങള്‍ നടത്തി. മാര്‍ച്ച് പകുതി മുതല്‍ 1,712 ആക്രമണങ്ങളാണ് യുഎസ് നടത്തിയത്. എന്നിട്ടും യെമന്റെ സൈനികശേഷിയെ തകര്‍ക്കാനായില്ല. അതിനാലാണ് അവര്‍ വെടിനിര്‍ത്തലിന് തയ്യാറായത്.
ഇസ്രായേലി അധിനിവേശത്തിനെതിരെ ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കലാണ് യെമന്റെ ലക്ഷ്യം. ഇസ്രായേലിലേക്ക് നടത്തുന്ന ആക്രമണങ്ങളും അവരുടെ കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങളും തുടരും. മാര്‍ച്ച് പകുതി മുതല്‍ ഇതുവരെ 131 ആക്രമണങ്ങളാണ് ഇസ്രായേലിനെതിരെ നടത്തിയത്. 253 ബാലിസ്റ്റിക്, ക്രൂയിസ്, ഹൈപ്പര്‍സോണിക് മിസൈലുകളും ഡ്രോണുകളുമാണ് അയച്ചത്. തെല്‍ അവീവ്, ഹൈഫ, അസ്‌കലാന്‍, അല്‍ നഖാബ്, അല്‍ റഷ്‌റാഷ് എന്നീ പ്രദേശങ്ങളിലേക്ക് 10 മിസൈലുകളും ഡ്രോണുകളും ഈ ആഴ്ച്ച മാത്രം അയച്ചു.
യെമന്റെ മിസൈലുകളുടെ ശക്തിയും അധിനിവേശ ശക്തിയുടെയും യുഎസിന്റെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും ദുര്‍ബലതയുമാണ് ഈ ആക്രമണങ്ങളുടെ വിജയം കാണിക്കുന്നത്. ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപത്തെ യുഎസിന്റെ താഡ് വ്യോമപ്രതിരോധ സംവിധാനം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ നിലപാടിന്റെ വിജയവും പ്രതിരോധ ശേഷിയും ദൃഡതയും കാണിക്കുന്നു. ഇത്രയും ശക്തമായ പ്രതിരോധ ശേഷിക്ക് മുസ്‌ലിം ഉമ്മത്ത് പൂര്‍ണ പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
