സൈനിക മേധാവി മുഹമ്മദ് അല്‍ ഗമാരി രക്തസാക്ഷിയായെന്ന് അന്‍സാറുല്ല

Update: 2025-10-16 16:25 GMT

സന്‍ആ: യെമന്‍ സര്‍ക്കാരിന്റെ മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ മുഹമ്മദ് അല്‍ ഗമാരി കൊല്ലപ്പെട്ടെന്ന് അന്‍സാറുല്ല. ഇസ്രായേലുമായുള്ള പോരാട്ടത്തിലാണ് മുഹമ്മദ് അല്‍ ഗമാരിക്ക് അന്തസുള്ള മരണം സംഭവിച്ചതെന്ന് അന്‍സാറുല്ല പ്രസ്താവനയില്‍ അറിയിച്ചു. ആഗസ്റ്റ് മാസത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരിക്കേറ്റ മുഹമ്മദ് അല്‍ ഗമാരി ചികില്‍സയിലായിരുന്നു. ഈ ആക്രമണത്തില്‍ യെമന്‍ പ്രധാനമന്ത്രി അടക്കം നിരവധി പേരും കൊല്ലപ്പെട്ടിരുന്നു.

''മേജര്‍ ജനറല്‍ മുഹമ്മദ് അബ്ദുള്‍ കരീം അല്‍ ഗമാരിയും 13 വയസ്സുള്ള മകന്‍ ഹുസൈനും ജിഹാദിന്റെ പാതയില്‍ രക്തസാക്ഷികളായി ഉയര്‍ന്നു. ശത്രുവുമായുള്ള പോരാട്ടത്തിലെ മരണങ്ങള്‍ അഭിമാനത്തിന്റെ ഉറവിടമാണ്. അവയില്‍ പ്രതികാരം ചെയ്യും. സയണിസ്റ്റ് ശത്രുവിന് കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ ലഭിക്കും. തിന്മയുടെ അച്ചുതണ്ടിനെ നരകത്തില്‍ ആഴ്ത്തിയ സഖാക്കള്‍ക്കൊപ്പം ഗമാരിയും ചേര്‍ന്നു.''-പ്രസ്താവന പറയുന്നു.

പുതിയ സൈനിക മേധാവിയായി മേജര്‍ ജനറല്‍ ഹസന്‍ ഇസ്മാഈല്‍ അല്‍ മദനിയെ നിയമിച്ചെന്ന് സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് മഹ്ദി അല്‍ മഷാത് അറിയിച്ചു.