ഗസയിലെ പ്രതിരോധ പ്രസ്ഥാനങ്ങളെ അറബ്-ഇസ്‌ലാമിക രാജ്യങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ഹൂത്തികള്‍
സന്‍ആ: ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് ഗസ സ്വന്തമാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ അപലപിച്ച് യെമനിലെ ഹൂത്തികള്‍. 1949ലെ ജനീവ ഉടമ്പടിയുടെയും 1998ലെ അന്താരാഷ്ട്ര യുദ്ധക്കുറ്റ നിയമത്തിന്റെയും നഗ്നമായ ലംഘനമാണ് യുഎസ് പ്രസിഡന്റിന്റെ തിട്ടൂരങ്ങളെന്ന് യെമന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഫലസ്തീന്‍ ദേശീയതയെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. യുഎസിന്റെ പിന്തുണയോടെ ഇസ്രായേല്‍ അധിനിവേശം നടത്തിയിട്ടും ഗസയെ കീഴടക്കാനായില്ല. അധിനിവേശത്തിലൂടെ സാധിക്കാത്തത് സമ്മര്‍ദ്ദത്തിലൂടെ സാധിക്കുമോ ?. ഗസ പിടിച്ചെടുക്കാനുള്ള യുഎസ്-ഇസ്രായേല്‍ പദ്ധതികളെ അറബ് രാജ്യങ്ങളും ഇസ്‌ലാമിക രാജ്യങ്ങളും ഒറ്റക്കെട്ടായി എതിര്‍ക്കണം. ഗസയിലെ പ്രതിരോധപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തണം. ഗസയിലെ ജനങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സഹായങ്ങളും നല്‍കണം. അല്‍ ഖുദ്‌സ് തലസ്ഥാനമായി ഒരു പൂര്‍ണ ഫലസ്തീന്‍ രാജ്യമുണ്ടാവണമെന്നും ഹൂത്തികളുടെ പ്രസ്താവന പറയുന്നു.