ഇസ്രായേല്‍ ആക്രമിച്ച ഇസ്രായേലി കപ്പല്‍ കാണാന്‍ യെമനികളുടെ തിരക്കെന്ന് റിപോര്‍ട്ട്
സന്‍ആ: ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച 2023ല്‍ അന്‍സാറുല്ല പിടിച്ചെടുത്ത ഇസ്രായേലി കപ്പല്‍ കാണാന്‍ യെമനികളുടെ തിരക്കെന്ന് റിപോര്‍ട്ട്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി ഇസ്രായേല്‍ ആക്രമിച്ച ഗ്യാലക്‌സി ലീഡര്‍ എന്ന കപ്പല്‍ കാണാനാണ് യെമനികള്‍ തീരത്തേക്ക് എത്തുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഹുദൈദയ്ക്ക് സമീപത്തെ അല്‍ സാലിഫ് തുറമുഖത്തിന് സമീപമാണ് ഈ കപ്പല്‍ നങ്കൂരം ഇട്ടിരിക്കുന്നത്. ചെറു ബോട്ടുകളിലാണ് വിനോദസഞ്ചാരികള്‍ കപ്പല്‍ കാണാന്‍ എത്തുന്നത്. കപ്പലില്‍ കയറാനും യുഎസ്, ഇസ്രായേലി പതാകകളില്‍ ചവിട്ടാനും വിനോദസഞ്ചാരികള്‍ക്ക് അനുവാദമുണ്ട്.
ചെങ്കടലിലെ അന്‍സാറുല്ലയുടെ സ്വാധീനം വ്യക്തമാക്കുന്ന ചിഹ്നമായി ഈ കപ്പല്‍ നേരത്തെ തന്നെ മാറിയിരുന്നു. കൂടാതെ ചെങ്കടലിലെ ഓപ്പറേഷനുകള്‍ പ്ലാന്‍ ചെയ്യാനും അന്‍സാറുല്ല ഈ കപ്പലിനെ ഉപയോഗിച്ചു. പല തരത്തിലുള്ള റഡാറുകള്‍ സ്ഥാപിച്ചാണ് അവര്‍ കപ്പലുകളെ ട്രാക്ക് ചെയ്യുന്നത്. 2024ല്‍ കപ്പലില്‍ നബിദിനവും വലിയ തോതില്‍ ആഘോഷിച്ചു.
നബി ദിന ആഘോഷത്തിന്റെ ഭാഗമായി ഗ്യാലക്‌സി ലീഡര്‍ അലങ്കരിച്ചപ്പോള്‍
ഈജിപ്തില്‍ നിന്നും ഇന്ത്യയിലേക്ക് പോവുന്ന ഗ്യാലക്‌സി ലീഡര്‍ കപ്പലിനെ 2023 നവംബര്‍ 19നാണ് അന്‍സാറുല്ല കസ്റ്റഡിയില്‍ എടുത്തത്. ഹെലികോപ്റ്ററുകളിലും ബോട്ടുകളിലും എത്തിയ കമാന്‍ഡോ സംഘമാണ് കപ്പല്‍ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് ഇതിലെ ജീവനക്കാരെ വിട്ടയച്ചു.
ഒമാന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു നടപടി.

