ഇസ്രായേലുമായി ബന്ധപ്പെടുന്ന കപ്പലുകളും ജീവനക്കാരും സുരക്ഷിതരാവില്ല: എച്ച്ഒസിസി

Update: 2025-08-01 04:55 GMT

സന്‍ആ: ഇസ്രായേലുമായി ബന്ധം പുലര്‍ത്തുന്ന കപ്പലുകള്‍ സുരക്ഷിതമായിരിക്കില്ലെന്ന് ആഗോള കപ്പല്‍ കമ്പനികള്‍ക്ക് യെമനിലെ ഹ്യൂമാനിറ്റേറിയന്‍ ഓപ്പറേഷന്‍സ് കോര്‍ഡിനേഷന്‍ സെന്റര്‍(എച്ച്ഒസിസി) മുന്നറിയിപ്പ് നല്‍കി. ജൂലൈ 27 മുതല്‍ ഇസ്രായേലിനെതിരായ ഉപരോധം നാലാം ഘട്ടത്തിലേക്ക് കടന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇസ്രായേലുമായി ബന്ധപ്പെടുന്ന കപ്പലുകളും ജീവനക്കാരും സുരക്ഷിതരായിരിക്കില്ലെന്ന് മുന്നറിയിപ്പ് പറയുന്നു. ഗസയിലെ മാനുഷിക പ്രതിസന്ധി കണക്കിലെടുത്ത്, ധാര്‍മികത പരിഗണിച്ച് കപ്പല്‍ കമ്പനികള്‍ ഇസ്രായേലുമായി ബന്ധപ്പെടരുത്. ഇന്നലെ ഇസ്രായേലില്‍ അന്‍സാറുല്ല ഡ്രോണ്‍ ആക്രമണം നടത്തിയതായും എച്ച്ഒസിസി ചൂണ്ടിക്കാട്ടി.

അന്‍സാറുല്ലയുടെ നേതൃത്വത്തിലുള്ള യെമന്‍ സര്‍ക്കാര്‍ 2024 ഫെബ്രുവരി 17നാണ് എച്ച്ഒസിസി സ്ഥാപിച്ചത്.ഇസ്‌ലാമിക തത്വങ്ങളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര നിയമം നടപ്പാക്കാണ് ഈ സെന്റര്‍ രൂപീകരിച്ചത്. ചെങ്കടല്‍, ബാബ് അല്‍ മന്ദെബ്, ഏഥന്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ എന്നിവിടങ്ങളിലെ ഗതാഗതത്തില്‍ ഇടപെടാനും സെന്ററിന് അധികാരമുണ്ട്.