ഇസ്രായേലിലെ വിമാനത്താവളം ആക്രമിച്ച് ഹൂത്തികള്‍; ചെങ്കടലിലെ യുഎസ് യുദ്ധക്കപ്പലുകള്‍ക്ക് നേരെ മണിക്കൂറുകള്‍ നീണ്ട ആക്രമണം

Update: 2025-03-23 14:25 GMT

സന്‍ആ: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിന്റെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തെ വീണ്ടും ആക്രമിച്ച് യെമനിലെ ഹൂത്തികള്‍. ഫലസ്തീന്‍-2 ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം അരമണിക്കൂറില്‍ അധികം തടസപ്പെട്ടു. യുഎഇയിലെ ദുബൈയില്‍ നിന്നുള്ള വിമാനം ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ സമയത്തായിരുന്നു ആക്രമണം. തുടര്‍ന്ന് യാത്രക്കാരെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി.

യെമനില്‍ വ്യോമാക്രമണം തുടരുന്ന യുഎസിന്റെ ചെങ്കടലിലെ പടക്കപ്പലുകളെ ആക്രമിച്ചതായും ഹൂത്തികളുടെ സൈനിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ പടക്കപ്പലിന് നേരെയുള്ള ആക്രമണം മണിക്കൂറുകളോളം നീണ്ടുനിന്നു. നിരവധി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.