ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന് ഉപരോധം ഏര്‍പ്പെടുത്തി ഹൂത്തികള്‍

Update: 2025-05-20 03:12 GMT

സന്‍ആ: ഗസയില്‍ വംശഹത്യ ശക്തമാക്കിയ ഇസ്രായേലിന്റെ ഹൈഫ തുറമുഖത്തിനെതിരെ യെമനിലെ അന്‍സാറുല്ലാ പ്രസ്ഥാനം ഉപരോധം ഏര്‍പ്പെടുത്തി. ഹൈഫ തുറമുഖത്ത് നിലയുറപ്പിച്ചതും എത്താനിരിക്കുന്നതുമായ എല്ലാ കപ്പലുകളും ആക്രമണ ലക്ഷ്യമാണെന്ന് അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി വീഡിയോ സന്ദേശത്തില്‍ കപ്പല്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉമ്മുല്‍ റഷ്‌റാഷ് തുറമുഖത്തിനെതിരെ(എലിയാത് തുറമുഖം) നടക്കുന്ന വിജയകരമായ ഉപരോധത്തിന്റെ തുടര്‍ച്ചയാണ് ഇത്. ഗസയിലെ അധിനിവേശം അവസാനിച്ചാലും മാനുഷിക സഹായം എത്തിയാലും മാത്രമേ ഉപരോധം പിന്‍വലിക്കൂയെന്നും യഹ്‌യാ സാരി പറഞ്ഞു. മേയ് നാലിന് ഇസ്രായേലിലെ ലുദ്ദ് വിമാനത്താവളത്തിനെതിരെ(ബെന്‍ ഗുരിയോണ്‍ വിമാനത്താവളം) അന്‍സാറുല്ല ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം നിരവധി ആക്രമണങ്ങളാണ് വിമാനത്താവളത്തിന് നേരെ നടത്തിയത്. രാജ്യാന്തര വിമാനക്കമ്പനികള്‍ അവിടേക്കുള്ള സര്‍വീസ് നിര്‍ത്തി.