തെല്‍അവീവ്: ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേലില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തി യെമനിലെ അന്‍സാറുല്ല. റാമണ്‍ വിമാനത്താവളം, അല്‍ നഖാബിലെ സൈനികകേന്ദ്രം എന്നിവയെയാണ് നാലു ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിച്ചത്. റാമണ്‍ വിമാനത്താവളത്തിലേക്ക് മൂന്നു ഡ്രോണുകളും സൈനിക കേന്ദ്രത്തിലേക്ക് ഒരു ഡ്രോണുമാണ് അയച്ചതെന്ന് അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരീ പറഞ്ഞു. സയണിസ്റ്റുകള്‍ യെമന്‍ ആക്രമിച്ചിട്ട് പ്രത്യേകിച്ച് കാര്യമില്ലെന്നും ഗസയ്ക്കുള്ള പിന്തുണ തുടരുമെന്നും യഹ്‌യാ സാരീ വ്യക്തമാക്കി. അതേസമയം, അന്‍സാറുല്ലക്കെതിരെ യുഎസ് പ്രഖ്യാപിച്ച കൂടുതല്‍ ഉപരോധങ്ങളെ യെമനിലെ സൗദി പിന്തുണയുള്ള സതേണ്‍ ട്രാന്‍സീഷണല്‍ കൗണ്‍സില്‍ ഭരണകൂടം സ്വാഗതം ചെയ്തു. '' ഹൂത്തികളുടെ തുടര്‍ച്ചയായ ആക്രമണങ്ങളും അന്താരാഷ്ട്ര ഷിപ്പിങ് തടസപ്പെടുത്തലും ആഗോളസമൂഹം അംഗീകരിക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.''- പ്രസ്താവന പറയുന്നു.