ഗസയില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ട്രംപ് ശ്രമിച്ചാല്‍ സൈനികമായി ഇടപെടും: അബ്ദുല്‍ മാലിക് അല്‍ഹൂത്തി

Update: 2025-02-13 17:08 GMT

സന്‍ആ: ഗസയില്‍ നിന്നു ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശ്രമിക്കുകയാണെങ്കില്‍ സൈനികമായി ഇടപെടുമെന്ന് യെമനിലെ ഹൂത്തികള്‍. ഗസയ്ക്കു നേരെയുള്ള അക്രമങ്ങളില്‍ കാഴ്ച്ചക്കാരായി നില്‍ക്കാന്‍ യെമന് കഴിയില്ലെന്ന് ഹൂത്തികളുടെ പരമോന്നത നേതാവായ അബ്ദുല്‍ മാലിക് അല്‍ഹൂത്തി പറഞ്ഞു. ഫലസ്തീനികളെ അവരുടെ മാതൃഭൂമിയില്‍ നിന്നും കുടിയിറക്കണമെന്ന ട്രംപിന്റെ പദ്ധതി മറ്റു നിരവധി അവകാശങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്.

അസംബന്ധവും പരിഹാസ്യപരവുമായ പ്രസ്താവനകള്‍ നടത്താന്‍ ശീലിച്ച കുറ്റവാളിയാണ് ട്രംപെന്നും അബ്ദുല്‍ മാലിക് അല്‍ഹൂത്തി പറഞ്ഞു. പരിഷ്‌കൃത രാഷ്ട്രമായി സ്വയം അവതരിപ്പിക്കുന്ന രാജ്യത്തിന്റെ നേതാവാണ് ഇതെല്ലാം പറയുന്നത്. ഗസക്കാരെ കുടിയൊഴിപ്പിക്കുന്നത് അംഗീകരിക്കാന്‍ ചില അറബ് രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്രംപ് ദൃഡനിശ്ചയം ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്. സ്വേഛാധിപത്യത്തിന്റെയും കുറ്റകൃത്യങ്ങളുടെയും ചരിത്രമുള്ള യുഎസ് പ്രസിഡന്റിന്റെ പദ്ധതിയില്‍ അല്‍ഭുദമില്ല. സയണിസ്റ്റ് പദ്ധതിക്ക് വേണ്ടി വാദിക്കുകയും അതുപൂര്‍ത്തീകരിക്കാനും ശ്രമിക്കുന്ന യുഎസ് പ്രസിഡന്റിന്റെ ആഗ്രഹങ്ങള്‍ക്ക് പരിധികളില്ല. ഗസയില്‍ അധിനിവേശം നടത്തിയ ഇസ്രായേലിന് സാധിക്കാത്ത കുടിയൊഴിപ്പിക്കല്‍ നടത്താനാണ് യുഎസ് ശ്രമിക്കുന്നത്. 'ഇസ്രായേലിന്റെ' വികാസത്തെയും അവശേഷിക്കുന്ന അറബ് പ്രദേശങ്ങള്‍ കൈവശപ്പെടുത്തുന്നതിനെയും വാഷിംഗ്ടണ്‍ പിന്തുണയ്ക്കുന്നുണ്ടെന്നും സയ്യിദ് അല്‍ഹൂത്തി ചൂണ്ടിക്കാട്ടി. ഈ യാഥാര്‍ത്ഥ്യം കണക്കിലെടുക്കുമ്പോള്‍, ട്രംപിന്റെ കുടിയിറക്ക പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം വ്യക്തമാവുകയാണെന്നും അബ്ദുല്‍ മാലിക് അല്‍ഹൂത്തി ചൂണ്ടിക്കാട്ടി.