ഗസയിലെ ഭക്ഷ്യവസ്തുക്കള്‍ തട്ടിയെടുക്കുന്നത് യാസിര്‍ അബൂ ശബാബും സംഘവും; താമസം ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത്

Update: 2025-05-27 03:25 GMT

ഗസ സിറ്റി: യാസിര്‍ അബൂ ശബാബ് തിരിച്ചെത്തി! ആരാണ് അബൂ ശബാബ്? ഐഎസുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന ഒരാള്‍! തീര്‍ന്നില്ല, ഫലസ്തീനികള്‍ക്കായി എത്തുന്ന സഹായ ട്രക്കുകള്‍ ഇസ്രായേല്‍ പിന്തുണയോടെ കൊള്ളയടിക്കുന്നതില്‍ പങ്കുള്ള സായുധ സംഘങ്ങളുടെ അറിയപ്പെടുന്ന നേതാവ് കൂടിയാണ് അബൂ ശബാബ്.

ഗസയിലേക്കുള്ള സഹായ വസ്തുക്കള്‍ ഇസ്രായേലിന്റെ സംരക്ഷണയിലാണുള്ളത്. മാര്‍ച്ച് മുതല്‍ ഇസ്രായേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധത്തില്‍ വലഞ്ഞ് പട്ടിണി മരണത്തിന്റെ വക്കിലാണിന്ന് ഗസ. വെടിനിര്‍ത്തല്‍ കരാറുകള്‍ നഗ്‌നമായി ലംഘിച്ച് ഗസയില്‍ കൂട്ടക്കൊല തുടരുകയാണ് ഇസ്രായേല്‍. സഹായ വസ്തുക്കളുടെ വിതരണം നിയന്ത്രിക്കുന്നത് ഇസ്രായേലാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ സ്ഥാപിതമായ ഗസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) എന്ന സ്വകാര്യ ഏജന്‍സിക്കാണ് ഭക്ഷണവിതരണത്തിന്റെ ചുമതല. ഇസ്രായേല്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച യുഎസ് പിന്തുണയുള്ള ഏജന്‍സിയാണ് ജിഎച്ച്എഫ്.


മുമ്പെല്ലാം ഐക്യരാഷ്ട്രസഭയും സന്നദ്ധ സംഘടനകളുമാണ് സഹായ വസ്തുക്കളുടെ വിതരണം നിര്‍വഹിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവരെയെല്ലാം മാറ്റിനിര്‍ത്തിയാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് ഈ ചുമതല ഇസ്രായേല്‍ കൈമാറിയിരിക്കുന്നത്. ജിഎച്ച്എഫ് നടത്തുന്ന സഹായ വിതരണവും ഗസയിലെ പരിമിതമായ കേന്ദ്രങ്ങളില്‍ മാത്രമാണ് എത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനവും ജിഎച്ച്എഫ് ഏറ്റുവാങ്ങിയിരുന്നു. മാനവിക മൂല്യങ്ങളും നിഷ്പക്ഷതയും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജിഎച്ച്എഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെയ്ക് വുഡ് മെയ് 25ന് രാജിവച്ചിരുന്നു.

ഗസയിലേക്ക് എത്തുന്ന പരിമിതമായ മാനുഷിക സഹായങ്ങളുടെ വിതരണത്തിന് സുരക്ഷ ഒരുക്കുകയാണ് തന്റെ സംഘം എന്ന് അവകാശപ്പെടുന്ന പോസ്റ്റുകള്‍ അബൂ ശബാബ് പങ്കിടുന്നുണ്ട്.

'മോഷണ'ത്തില്‍ ഇസ്രായേലിന്റെ പങ്ക്

കിഴക്കന്‍ റഫയില്‍ മാനുഷിക സഹായ ട്രക്കുകള്‍ തടഞ്ഞുനിര്‍ത്തുന്നത് അബൂ ശബാബിന്റെ സംഘങ്ങളാണ്. ഇസ്രായേല്‍ സേനയുടെ സംരക്ഷണയിലാണ് ഈ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉപരോധിക്കപ്പെട്ട ഗസ മുനമ്പില്‍ വലിയ തോതിലുള്ള കൊള്ളയടിക്കലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കലും നടക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം, അബൂ ശബാബ് സംഘം ഒരു ഇന്ധന ട്രക്ക് പിടിച്ചെടുത്ത്, റോഡുകള്‍ തടയുന്നതിനും സഹായ വിതരണങ്ങള്‍ തടയുന്നതിനുമായി കത്തിച്ചിരുന്നു. ഇസ്രായേല്‍ സൈന്യവുമായി ഏകോപിപ്പിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഇത് കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ മാനുഷിക സാഹചര്യങ്ങള്‍ വഷളാക്കുന്നതിന് കാരണമായി.

മാര്‍ച്ച് 2 മുതല്‍ ഫലസ്തീന്‍ മേഖലയിലുള്ള സമ്പൂര്‍ണ ഉപരോധത്തിനു ശേഷം, അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെയും വ്യാപകമായ വിമര്‍ശനങ്ങളെയും തുടര്‍ന്നാണ് കുറഞ്ഞ തോതിലെങ്കിലും സഹായ വിതരണാനുമതിക്ക് ഇസ്രായേല്‍ സന്നദ്ധമായത്. വളരെ പരിമിതമായ അളവിലുള്ള സഹായം മാത്രമേ അനുവദിക്കൂ എന്ന് ഇസ്രായേല്‍ ഞായറാഴ്ച പ്രഖ്യാപിച്ചു.

നാല് ദിവസം മുമ്പ് സൃഷ്ടിച്ച ഒരു പുതിയ ഫേസ്ബുക്ക് അക്കൗണ്ടില്‍ അബൂ ശബാബ് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഗസയിലെ പട്ടിണി കിടക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് സുരക്ഷയേകാന്‍ അവര്‍ സഹായിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു അത്. 'നമ്മുടെ ജനകീയ സേനകള്‍' എന്ന് വിളിക്കപ്പെടുന്ന തന്റെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം പോസ്റ്റ് ചെയ്തു. സഹായ ട്രക്കുകളെയും അവയുടെ വഴികളെയും കുറിച്ചുള്ള വിശദാംശങ്ങളും അദ്ദേഹം പങ്കുവച്ചു.

ഹാരെറ്റ്‌സ്, ദ വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളില്‍നിന്നുള്ള റിപോര്‍ട്ടുകള്‍, ഈ ക്രിമിനല്‍ സംഘങ്ങള്‍ ഐഎസുമായി ബന്ധപ്പെട്ടവരാണെന്നും ഇസ്രായേല്‍ സേനയുടെ സംരക്ഷണയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉള്ള റിപോര്‍ട്ടുകള്‍ ശരിവയ്ക്കുന്നവയാണ്. ഇസ്രായേലി സൈനിക സ്ഥാനങ്ങള്‍ക്ക് സമീപം സഹായ വാഹനവ്യൂഹങ്ങള്‍ കൊള്ളയടിക്കുന്ന സംഘങ്ങള്‍ പലപ്പോഴും കാണപ്പെടുന്നുണ്ടെന്ന് ദൃക്‌സാക്ഷികളും ഐക്യരാഷ്ട്രസഭയും സൂചിപ്പിക്കുന്നു. അവിടെ ഇസ്രായേല്‍ സൈനികര്‍ അവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഗസയിലെ സംഘങ്ങള്‍ക്ക് ഇസ്രായേലി സൈന്യത്തില്‍ നിന്നുള്ള 'സജീവമല്ലെങ്കിലും നിഷ്‌ക്രിയമായ ഒരു ഔദാര്യം' അല്ലെങ്കില്‍ 'സംരക്ഷണം' പ്രയോജനപ്പെടുന്നുണ്ടാകാം.

ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളതായി ആരോപിക്കപ്പെടുന്ന കരേം അബു സലീമിലൂടെ സഹായ വാഹനവ്യൂഹങ്ങള്‍ കടന്ന് സായുധരായ ഫലസ്തീന്‍ സംഘങ്ങള്‍ പതിവായി ആക്രമണം നടത്തുന്നതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

'ഒരു ഇസ്രായേലി ടാങ്കും കലാഷ്‌നിക്കോവ് റൈഫിള്‍ ഏന്തിയ ഒരു ഫലസ്തീനിയെയും അതില്‍ നിന്ന് 100 മീറ്റര്‍ അകലെ ഞാന്‍ കണ്ടു' എന്ന് ഗസയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹാരെറ്റ്‌സിനോട് പറഞ്ഞതായും റിപോര്‍ട്ടുണ്ട്.

'സംരക്ഷണ പണം' നല്‍കിയില്ലെങ്കില്‍ ആയുധധാരികളായ ആളുകള്‍ െ്രെഡവര്‍മാരെ മര്‍ദ്ദിക്കുകയും എല്ലാ ഭക്ഷണവും എടുക്കുകയും ചെയ്യും.' റിപോര്‍ട്ട് തുടരുന്നു

കുറ്റകൃത്യങ്ങളുടെ ചരിത്രം

മയക്കുമരുന്ന് കള്ളക്കടത്തിലും ഐഎസുമായി സഹകരിച്ചും യാസിര്‍ അബൂ ശബാബിന് അറിയപ്പെടുന്ന ചരിത്രമുണ്ട്. 200ലധികം സായുധ വ്യക്തികള്‍ അടങ്ങുന്ന അയാളുടെ സംഘം റഫയിലെ ഇസ്രായേല്‍ നിയന്ത്രിത മേഖലയില്‍ ഒരു ശക്തമായ താവളം സ്ഥാപിച്ചിട്ടുണ്ട്. 'മരണ മേഖല' എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് ഗസ നിവാസികള്‍ക്ക് സാധാരണയായി പ്രവേശിക്കാന്‍ കഴിയില്ല. ഇത് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇസ്രായേലിന്റെ പങ്കാളിത്തം സംബന്ധിച്ച സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുന്നു.

ആറ് സുരക്ഷാ ഉദ്യോാഗസ്ഥര്‍ കൊല്ലപ്പെട്ടു: എന്താണ് സംഭവിച്ചത്?

സഹായ വിതരണം ഉറപ്പാക്കുന്ന ഗസയിലെ പോലിസുകാരെ ഇസ്രായേല്‍ ആസൂത്രിതമായി ആക്രമിക്കുകയും വളരെ അസ്ഥിരമായ സുരക്ഷാ അന്തരീക്ഷം സൃഷ്ടിക്കുകയും സായുധ സംഘങ്ങള്‍ക്ക് സാഹചര്യം മുതലെടുക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.

ചൊവ്വാഴ്ച, മധ്യ ഗസ മുനമ്പിലെ ദെയ്ര്‍ അല്‍ ബലയ്ക്ക് സമീപമുള്ള സലാ ആദിന്‍ സ്ട്രീറ്റിലെ പ്രധാന റൗണ്ട് എബൗട്ടിലൂടെ ഏകദേശം 31 സഹായ ട്രക്കുകള്‍ വെയര്‍ഹൗസുകളിലേക്ക് പോവുകയായിരുന്നു. എന്നാല്‍ ഇസ്രായേലിന്റെ പിന്തുണയോടെയും സംരക്ഷണത്തോടെയും കൊള്ളക്കാര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ത്തു. സാധനങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചു.

ആക്രമണം തടയാന്‍ ഗസ സര്‍ക്കാരിന് കീഴിലെ ഒരു കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു. പക്ഷേ, ഇസ്രായേല്‍ സൈന്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ മിസൈലുകള്‍ തൊടുത്തു. സഹായ വാഹന വ്യൂഹത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആറ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.

ആക്രമണം അവിടെ നിന്നില്ല. ആക്രമണത്തിന് ഇരയായവരെ രക്ഷിക്കാന്‍ സമീപത്തുള്ള സാധാരണക്കാര്‍ ഓടിയെത്തിയെങ്കിലും ഉടന്‍ തന്നെ അവരെ ലക്ഷ്യം വച്ചു. പരിക്കേറ്റവരെ രക്ഷിക്കാന്‍ മറ്റുള്ളവര്‍ തിടുക്കം കൂട്ടുമ്പോള്‍ അവരും ആക്രമിക്കപ്പെട്ടു.പരിക്കേറ്റവരെയും മരിച്ചവരെയും കൊണ്ടുപോകാന്‍ അയച്ച ആംബുലന്‍സുകളും വാഹനങ്ങളും പോലും ഒഴിവാക്കപ്പെട്ടില്ല.ഗസ സിറ്റിയിലെയും വടക്കന്‍ ഗസയിലെയും ബേക്കറികള്‍ക്കായുള്ള സാധനങ്ങള്‍ ട്രക്കുകളില്‍ ഉണ്ടായിരുന്നതായി ചൂണ്ടിക്കാട്ടി, ഫലസ്തീന്‍ സിവില്‍ സൊസൈറ്റി നെറ്റ്‌വര്‍ക്ക് ആക്രമണത്തെ അപലപിച്ചു.

കഴിഞ്ഞ നാല് ദിവസത്തിനിടെ, പരിമിതമായ സാധനങ്ങളുമായാണെങ്കിലും 119 ട്രക്കുകളില്‍ കൂടുതല്‍ ഗസയില്‍ പ്രവേശിച്ചിട്ടില്ലെന്നും, 'ഉപരോധത്തെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കാനുള്ള ഇസ്രായേലിന്റെ ശ്രമമാണിതെന്നും' ഫലസ്തീന്‍ സിവില്‍ സൊസൈറ്റി നെറ്റ്‌വര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

സഹായധനം സംരക്ഷിക്കുന്ന സുരക്ഷാ ഗാര്‍ഡുകള്‍ക്ക് നേരെ ഇസ്രായേല്‍ എട്ട് ആക്രമണങ്ങള്‍ നടത്തിയതായി ഗസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫിസ് അറിയിച്ചു.

'സഹായ, മരുന്ന് ട്രക്കുകള്‍ ആവശ്യമുള്ളവര്‍ക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ അവ കൊള്ളയടിക്കാന്‍ കഴിയുന്ന തരത്തില്‍ അധിനിവേശ സൈന്യം വ്യവസ്ഥാപിതമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായി' -ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ഭക്ഷ്യവസ്തുക്കള്‍ തട്ടിയെടുക്കുന്ന സംഘത്തിലെ നാലു പേരുടെ വധശിക്ഷ നടപ്പാക്കിയതായി ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു. ആറ് ഉദ്യോഗസ്ഥരുടെ കൊലപാതകത്തില്‍ പങ്കെടുത്തവരാണ് പ്രതികള്‍. ഏഴു പേരെ ഇനിയും പിടികൂടാനുണ്ടെന്നും ഫലസ്തീനികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവരെന്നും യാസിര്‍ അബൂ ശബാബാണ് നേതാവെന്നും പ്രസ്താവന പറയുന്നു.