
കൊച്ചി: സംസ്ഥാന പോലിസ് മേധാവിയാകാന്‍ പരിഗണിക്കപ്പെടുന്ന പട്ടികയില്‍ ഉള്‍പ്പെട്ട മനോജ് എബ്രഹാമിനെതിരെ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. സര്‍വ്വീസ് ചട്ടം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും പൊതുതാല്‍പര്യം പരിഗണിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. സംസ്ഥാന പൊലിസ് മേധാവി എസ് ദര്‍വേഷ് സാഹിബ് ഈ മാസം 30നാണ് വിരമിക്കുക. അടുത്ത ഡിജിപിയെ സംബന്ധിച്ച് യുപിഎസ്‌സി അന്തിമ പട്ടിക തയാറാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കും.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നിവരാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേക്കു പരിഗണിക്കാനായി സമര്‍പ്പിച്ച പട്ടികയിലുള്ളത്. ഇതില്‍ എം ആര്‍ അജിത്കുമാര്‍ ഒഴിച്ചുള്ളവര്‍ക്കെതിരേ യുപിഎസ്‌സിയിലേക്ക് പരാതി പ്രവാഹമാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
പട്ടികയില്‍ ഒന്നാമതുള്ള റോഡ് സുരക്ഷാ കമ്മിഷണര്‍ നിതിന്‍ അഗര്‍വാളിനെതിരെ മൂന്നു പരാതികളാണത്രെ എത്തിയത്. രണ്ടാമതുള്ള ഇന്റലിജന്‍സ് ബ്യൂറോ ഡപ്യൂട്ടി റവാഡ ചന്ദ്രശേഖര്‍, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത് എന്നിവര്‍ക്കെതിരെയും പരാതികളുണ്ട്.