പതിനായിരം കോടി വാഗ്ദാനം ചെയ്താലും കേന്ദ്ര വിദ്യഭ്യാസ നിയമം തമിഴ്‌നാട്ടില്‍ നടപ്പാക്കില്ലെന്ന് സ്റ്റാലിന്‍

Update: 2025-02-22 15:23 GMT

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ പതിനായിരം കോടി രൂപ വാഗ്ദാനം ചെയ്താലും പുതിയ ദേശീയ വിദ്യഭ്യാസനയം തമിഴ്‌നാട്ടില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രാജ്യത്തെ മറ്റുഭാഷകളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് മാത്രമല്ല വിദ്യാര്‍ഥികളുടെ ഭാവിയെയും സാമൂഹികനീതിയെയും ബാധിക്കുന്ന നിരവധി വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്ളതായും തമിഴ്‌നാട്ടിലെ കടലൂരില്‍ നടന്ന രക്ഷാകര്‍തൃ അധ്യാപക സംഘടനയുടെ പരിപാടിയില്‍ സംസാരിക്കവെ സ്റ്റാലിന്‍ പറഞ്ഞു.

''ഒരു ഭാഷയേയും ഞങ്ങള്‍ എതിര്‍ക്കുന്നില്ല. പക്ഷേ, ഏതെങ്കിലും ഭാഷകള്‍ അടിച്ചേല്‍പ്പിച്ചാല്‍ ഞങ്ങള്‍ എതിര്‍ക്കും. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം മാത്രമല്ല, മറ്റുപല കാരണങ്ങളാലും ഞങ്ങള്‍ ദേശീയ വിദ്യഭ്യാസ നയത്തെ എതിര്‍ക്കുന്നു. എന്‍ഇപി പിന്തിരിപ്പനാണ്. ഇത് വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ നിന്ന് അകറ്റും''- സ്റ്റാലിന്‍ പറഞ്ഞു.

എസ്‌സി-എസ്ടി, ബിസി വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന സാമ്പത്തിക സഹായം നിഷേധിക്കുന്നതിന് പുറമെ മൂന്ന് അഞ്ച് എട്ട് ക്ലാസുകള്‍ക്ക് പൊതുപരീക്ഷകള്‍ നടത്താനും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ ഏര്‍പ്പെടുത്താനും എന്‍ഇപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദേശീയ വിദ്യഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് തമിഴ്‌നാട്ടില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാക്കിയില്ലെങ്കില്‍ സമഗ്ര ശിക്ഷാ അഭിയാന് നല്‍കി വരുന്ന 2,000 കോടി രൂപ തടഞ്ഞുവെക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഭീഷണിപ്പെടുത്തി എന്ന് പരാതിപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.