വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ സ്ത്രീകള്‍ അടുക്കള ഉപകരണങ്ങള്‍ ഉപയോഗിക്കണം: മമതാ ബാനര്‍ജി

Update: 2025-12-11 14:47 GMT

കൊല്‍ക്കത്ത: വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ തുടര്‍ന്ന് തയ്യാറാക്കുന്ന വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ സ്ത്രീകള്‍ അടുക്കള ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. '' എസ്ഐആറിന്റെ പേരില്‍ അമ്മമാരുടെയും സഹോദരിമാരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുമോ? അവര്‍ തിരഞ്ഞെടുപ്പ് സമയത്ത് ഡല്‍ഹിയില്‍ നിന്ന് പോലിസിനെ കൊണ്ടുവന്ന് അമ്മമാരെയും സഹോദരിമാരെയും ഭീഷണിപ്പെടുത്തും. അമ്മമാരേ, സഹോദരിമാരേ, നിങ്ങളുടെ പേരുകള്‍ വെട്ടിക്കളഞ്ഞാല്‍, നിങ്ങള്‍ക്ക് ഉപകരണങ്ങള്‍ ഉണ്ട്, അല്ലേ? പാചകം ചെയ്യാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍. നിങ്ങള്‍ക്ക് ശക്തിയുണ്ട്, അല്ലേ? സ്ത്രീകള്‍ മുന്നില്‍ പോരാടും, പുരുഷന്മാര്‍ അവരുടെ പിന്നിലായിരിക്കും.'' -ബംഗാളിലെ കൃഷ്ണനഗറില്‍ നടന്ന ഒരു റാലിയില്‍ ബാനര്‍ജി പറഞ്ഞു.

കൊല്‍ക്കത്തയില്‍ ചിക്കന്‍ പഫ്‌സ് വിറ്റയാളെ ഹിന്ദുത്വര്‍ ആക്രമിച്ച സംഭവത്തെയും മമതാ ബാനര്‍ജി അപലപിച്ചു. ''മീനും മാംസവും കഴിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ തീരുമാനിക്കും. ബിജെപി അത് പോലും കഴിക്കാന്‍ അനുവദിക്കില്ല. ആര് സസ്യാഹാരം കഴിക്കണം, ആര് മാംസാഹാരം കഴിക്കണം എന്നത് വ്യക്തിപരമായ തീരുമാനമാണ്.''- അവര്‍ പറഞ്ഞു.

പരിക്കേറ്റ കടുവ ആരോഗ്യമുള്ള കടുവയേക്കാള്‍ ക്രൂരമായി ആക്രമിക്കുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ''നിങ്ങള്‍ ഞങ്ങളെ ആക്രമിച്ചാല്‍, എങ്ങനെ തിരിച്ചടിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. അനീതി എങ്ങനെ തടയണമെന്ന് ഞങ്ങള്‍ക്കറിയാം.''-മമത പറഞ്ഞു.

ബംഗാളില്‍ നിന്ന് ആളുകളെ പുറത്താക്കാന്‍ തന്റെ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു. ''എനിക്ക് ഒരു അപേക്ഷ മാത്രമേയുള്ളൂ. അതിര്‍ത്തി പ്രദേശങ്ങളിലെ ബിഎസ്എഫ് പോസ്റ്റുകളുടെ അടുത്തേക്ക് പോകരുത്.''