സുപ്രിംകോടതി ജഡ്ജിമാരില്‍ സ്ത്രീ പ്രാതിനിധ്യം കുറയുന്നു

Update: 2025-05-26 13:48 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജിമാരില്‍ സ്ത്രീ പ്രാതിനിധ്യം കുറയുന്നു. നിലവില്‍ രണ്ട് വനിതാ ജഡ്ജിമാരാണ് സുപ്രിംകോടതിയില്‍ ഉള്ളത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും ബി വി നാഗരത്‌നയുമാണവര്‍. ഇവരില്‍ ജസ്റ്റിസ് ബേല എം ത്രിവേദി ജൂണ്‍ 9നാണ് വിരമിക്കുന്നത്. അതോടെ ജസ്റ്റിസ് ബി വി നാഗരത്‌നയായിരിക്കും സുപ്രിംകോടതിയില്‍ അവശേഷിക്കുന്ന ഏക വനിതാ ജഡ്ജി.

മെയ് 24ന് ജസ്റ്റിസ് അഭയ് എസ് ഓക വിരമിച്ചതോടെ 34 ജഡ്ജിമാരുള്ള സുപ്രിംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 31 ആയി ചുരുങ്ങിയിരിക്കുകയാണ്.

1950 ജനുവരി 28ന് സുപ്രിംകോടതി സ്ഥാപിതമായതു മുതല്‍ ആകെ 279 ജഡ്ജിമാരാണ് സേവനം അനുഷ്ഠിച്ചിട്ടുള്ളത്. അവരില്‍, 11 പേര്‍ അതായത് നാലു ശതമാനം മാത്രമേ വനിതാ ജഡ്ജിമാരായി നിയമിതരായിട്ടുള്ളൂ. സുപ്രിംകോടതിയില്‍ ഒരേസമയം നാലു വനിത ജഡ്ജിമാരില്‍ കൂടുതല്‍ ഉണ്ടായിരുന്നിട്ടില്ല. ഒരേസമയം ഒന്നിലധികം വനിത ജഡ്ജിമാര്‍ സുപ്രിംകോടതിയില്‍ ആദ്യമായി വരുന്നതു തന്നെ 2011 സെപ്തംബര്‍ 13നായിരുന്നു (രണ്ടു പേരും ഒരുമിച്ചുണ്ടായിരുന്ന കാലാവധി 2011 സെപ്തംബര്‍ 13 മുതല്‍ 2014 ഏപ്രില്‍ 27 വരെ). സുപ്രിംകോടതിയില്‍ ഒരേസമയം മൂന്ന് വനിത ജഡ്ജിമാര്‍ ആദ്യമായി എത്തുന്നത് 2018 ആഗസ്റ്റ് 7നും (കാലാവധി 2018 ആഗസ്റ്റ് 7 മുതല്‍ 2020 ജൂലൈ 19 വരെ) നാലു സ്ത്രീകള്‍ ജഡ്ജിമാരായെത്തുന്നത് 2021 ആഗസ്റ്റ് 31നും(കാലാവധി 2021 ആഗസ്റ്റ് 31 മുതല്‍ 2022 സെപ്തംബര്‍ 23 വരെ) ആണ്. ഇവരില്‍ ജസ്റ്റിസ് ഫാത്തിമ ബീവിയാണ് മലയാളിയായ ഏക വനിതാ ജഡ്ജി(കാലാവധി 1989 ഒക്ടോബര്‍ 6-1992 ഏപ്രില്‍ 29). സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും ജസ്റ്റിസ് ഫാത്തിമ ബീവിയാണ്.

ഭരണഘടനയുടെ അനുഛേദം 124 പ്രകാരം സുപ്രിംകോടതി ജഡ്ജിമാരുടെ പ്രായപരിധി 65 വയസ്സാണ്. സുപ്രിംകോടതി ജഡ്ജിമാരില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സേവന കാലയളവും കുറവാണ്.