യുവതി കിണറ്റില്‍ ചാടി; രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം, യുവതിയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥും സുഹൃത്തും മരിച്ചു

Update: 2025-10-13 03:17 GMT

കൊല്ലം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഫയര്‍ഫോഴ്സ് അംഗം ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണം. കൊല്ലം നെടുവത്തൂരില്‍ അര്‍ധരാത്രി 12 മണിയോടെയാണ് സംഭവം. കിണറ്റില്‍ ചാടിയ നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന, സുഹൃത്തായ ശിവകൃഷ്ണന്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ സോണി എസ് കുമാര്‍ എന്നിവരാണ് മരിച്ചത്.

സുഹൃത്തായ ശിവകൃഷ്ണനുമായി ഇന്നലെ രാത്രിയില്‍ അര്‍ച്ചന വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി കിണറ്റില്‍ ചാടിയതെന്നാണ് വിവരം. അര്‍ച്ചനെയെ രക്ഷിക്കാനായി ശിവകൃഷ്ണന്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തുമ്പോള്‍ അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു. കൊട്ടാരക്കരയില്‍ നിന്നുള്ള സ്‌കൂബ ഡൈവേഴ്സ് ഉള്‍പ്പെടെയുള്ള ഫയര്‍ഫോഴ്സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അര്‍ച്ചനയുമായി സംസാരിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ സോണി, അര്‍ച്ചനയെ രക്ഷിക്കാനായി കിണറ്റിലേക്കിറങ്ങി. ഈ സമയത്ത് കിണറിന്റെ കൈവരി ഇടിയുകയും കിണറിനോട് ചേര്‍ന്ന് നിന്ന ശിവകൃഷ്ണനും കൂടി ഉള്ളിലേക്ക് വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോണിയെ പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അര്‍ച്ചനയുടെയും ശിവകൃഷ്ണന്റെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. കിണറിന്റെ കൈവരി ഇടിഞ്ഞ് പാറക്കഷ്ണങ്ങള്‍ തലയില്‍ പതിച്ചതാണ് മരണകാരണം. മൂന്നു കുട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന.