യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന സംഭവം: കാമുകന്‍ കുറ്റക്കാരനാണെന്ന് കോടതി
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കാട്ടാക്കട വീരണകാവ് വില്ലേജില്‍ അരുവിക്കുഴി മുരിക്കത്തറതല വീട്ടില്‍ ഗായത്രിയെ (25) ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയെന്ന കേസില്‍ കൊല്ലം സ്വദേശി പ്രവീണ്‍ കുറ്റക്കാരനാണെന്നാണ് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കുമെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സിജു ഷെയ്ക്ക് അറിയിച്ചു.
2022 മാര്‍ച്ച് 5ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. 2021ല്‍ വെട്ടുകാട് പള്ളിയില്‍ വച്ച് ഇയാള്‍ ഗായത്രിയെ വിവാഹം കഴിച്ചു. എന്നാല്‍, പിന്നീട് ഗായത്രിയെ തനിക്ക് വേണ്ടെന്ന നിലപാടില്‍ എത്തി. പക്ഷേ, ഗായത്രി എതിര്‍ത്തു. ഇതോടെ ഗായത്രിയെ ഒഴിവാക്കാന്‍ പ്രവീണിന്റെ മുന്നില്‍ മറ്റുമാര്‍ഗങ്ങളുണ്ടായില്ല. 2022 മാര്‍ച്ച് 5ന് തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷന് സമീപമുള്ള ഹോട്ടലില്‍ മുറി വാടകയ്ക്ക് എടുത്ത് ഗായത്രിയെ അവിടേയ്ക്കു കൊണ്ടുവന്നു. വൈകിട്ട് അഞ്ചു മണിയോടെ മുറിക്കുള്ളില്‍ വച്ച് ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി വലിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്നു കണ്ടെത്തി. പ്രതിയും ഗായത്രിയും ഗായത്രിയുടെ ബന്ധുക്കളും തമ്മില്‍ നടത്തിയ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളുടെ സമയക്രമവും പ്രതിയും ഗായത്രിയും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളുടെ ടവര്‍ ലൊക്കേഷനുകളും മറ്റും പ്രതിക്കെതിരെയുള്ള തെളിവുകളായി. ഗായത്രിയുടെ കഴുത്തിലുണ്ടായിരുന്ന മുറിവുകള്‍ ആത്മഹത്യ ചെയ്യുന്നതിനിടെ ഉണ്ടാകില്ലെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറും മൊഴി നല്‍കി. ഇതെല്ലാം കണക്കിലെടുത്താണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
