അമ്മയോട് പിണങ്ങി തീവണ്ടിക്ക് മുന്നില്‍ ചാടിമരിക്കാന്‍ ശ്രമിച്ച യുവതിയെ രക്ഷിച്ചു
കാസര്‍കോട്: അമ്മയോട് പിണങ്ങി തീവണ്ടിക്ക് മുന്നില്‍ ചാടി മരിക്കാന്‍ പുറപ്പെട്ട യുവതിയെ പോലിസ് രക്ഷിച്ചു. രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ കളനാട് ഗ്രാമത്തിലെ 27-കാരിയെയാണ് പോലിസ് രക്ഷിച്ചത്. ഭര്‍ത്താവ് ഗള്‍ഫിലായതിനാല്‍ അമ്മയോടൊപ്പമാണ് യുവതിയും മക്കളും താമസം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് അമ്മയാണ് ചട്ടഞ്ചാലിലെ മേല്‍പ്പറമ്പ് പോലിസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണില്‍ വിളിച്ച് വീടുവിട്ടിറങ്ങിയ മകളെ രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചത്. സ്റ്റേഷനില്‍ പാറാവ് ജോലിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി രാജേഷ് ഇക്കാര്യം ഇന്‍സ്‌പെക്ടര്‍ എന്‍ പി രാഘവനെ അറിയിച്ചു. അമ്മ നല്‍കിയ നമ്പറിലേക്ക് പോലിസ് വിളിച്ചെങ്കിലും യുവതി ഫോണെടുത്തില്ല. ഇതേത്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായം തേടി.
ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതിനിടെ യുവതി ഫോണെടുത്തെങ്കിലും കരച്ചില്‍ മാത്രമാണ് കേട്ടത്. എവിടെയാണുള്ളതെന്ന് വ്യക്തമാക്കാന്‍ തയ്യാറായതുമില്ല. പോലീസ് നിരന്തരമായി അഭ്യര്‍ഥിച്ചപ്പോള്‍ ഇടുവുങ്കാലില്‍ ഓട്ടോ ഇറങ്ങിയതായി അറിയിച്ചു. എന്നാല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കാണിച്ചത് ചാത്തങ്കൈ പ്രദേശമായിരുന്നു. യുവതി നല്‍കുന്ന വിവരം തെറ്റാണെന്ന് മനസ്സിലാക്കിയ പോലിസ് ഫോണ്‍ സംഭാഷണം വിച്ഛേദിക്കാതെതന്നെ ചാത്തങ്കൈ ഭാഗത്തേക്ക് പോയി. റെയില്‍വേ പാളത്തിലൂടെ നടത്തിയ തിരച്ചിലിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന യുവതിയെ 1.05-ഓടെ കണ്ടെത്തിയത്. തീവണ്ടി വരുമ്പോള്‍ ചാടാനായി കാത്തിരിക്കുകയാണെന്ന് യുവതി ചോദ്യംചെയ്യലില്‍ വ്യക്തമാക്കി. സമാധാനിപ്പിച്ച് പോലീസ് യുവതിയെ മേല്‍പ്പറമ്പ് സ്റ്റേഷനിലെത്തിച്ചു.
