കൊല്‍ക്കത്ത: സാമൂഹിക സേവനത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ച പശ്ചിമബംഗാളിലെ പ്രദീപ്താനന്ദ്ജി എന്ന കാര്‍ത്തിക് മഹാരാജിനെതിരെ പീഡനക്കേസ്. മുര്‍ഷിദാബാദിലെ ബെല്‍ദാങയിലെ ഭാരത സേവര്‍ഷം സംഘത്തിന്റെ സെക്രട്ടറിയാണ് ഇയാള്‍. 2013 മുതല്‍ സംഘത്തിന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയാണ് പരാതിക്കാരി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഗര്‍ഭം അലസിപ്പിച്ചെന്നും പരാതിയിലുണ്ട്. ജൂണ്‍ 12ന് താന്‍ കാര്‍ത്തിക് മഹാരാജിനോട് ഫോണില്‍ സംസാരിച്ചെന്നും അതേ തുടര്‍ന്ന് രണ്ടു പേര്‍ കാറിലെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതി പറയുന്നു. ആശ്രമത്തില്‍ ഇനിയും പീഡനങ്ങള്‍ നടക്കാതിരിക്കാനാണ് പരാതി നല്‍കിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
അതേസമയം, ആരോപണങ്ങള്‍ കാര്‍ത്തിക് മഹാരാജ് നിഷേധിച്ചു. സ്ത്രീകളെ അമ്മയായാണ് കാണുന്നതെന്ന് കാര്‍ത്തിക് മഹാരാജ് പറഞ്ഞു. സ്വാമിക്ക് പിന്തുണയുമായി ബിജെപിയുടെ സൗത്ത് മുര്‍ഷിദാബാദ് ഘടകം രംഗത്തെത്തി. ഹിന്ദുക്കള്‍ നേരിടുന്ന പീഡനം തടയാന്‍ പ്രവര്‍ത്തിച്ചതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയെന്ന് ബിജെപി നേതാവ് മലയ് മഹാജന്‍ ആരോപിച്ചു.
ബെല്‍ദാങയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ പ്രദീപ്താനന്ദ്ജി ശ്രമിക്കുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞ വര്‍ഷം ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരേ പ്രദീപ്താനന്ദ്ജി പരാതി നല്‍കി. ഇതിനെല്ലാം പിന്നാലെയാണ് 2025ല്‍ കേന്ദ്രസര്‍ക്കാര്‍ ഇയാള്‍ക്ക് പത്മശ്രീ പുരസ്‌കാരം നല്‍കിയത്.
