മുംബൈ: മറാത്തി ഭാഷ സംസാരിക്കാത്തതിന് സ്വന്തം മകളെ കൊന്ന് അമ്മ. നവി മുംബൈയിലെ കലമ്പൊലി സ്വദേശിയായ 30കാരിയാണ് ആറുവയസുകാരിയായ മകളെ കഴുത്തുഞെരിച്ച് കൊന്നതെന്ന് പോലിസ് പറഞ്ഞു. ആണ്‍കുട്ടി ജനിക്കാത്തതില്‍ ഈ സ്ത്രീക്ക് വിഷമം ഉണ്ടായിരുന്നുവെന്നും സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പോലിസ് വിശദീകരിച്ചു. ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്. അന്ന് കുട്ടിയുടെ മുത്തശ്ശി വീട്ടില്‍ വന്നെങ്കിലും കുട്ടിയെ കണ്ടില്ല. കുട്ടിയുടെ അഛന്‍ വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കുട്ടി അനങ്ങുന്നുണ്ടായിരുന്നില്ല. ഹൃദയാഘാതം മൂലം കുട്ടി മരിച്ചെന്നാണ് സ്ത്രീ ഭര്‍ത്താവിനോട് പറഞ്ഞത്. അച്ഛന്‍ ഇക്കാര്യം പോലിസില്‍ വിളിച്ചു പറഞ്ഞു. ദുരൂഹത തോന്നിയ പോലിസ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് മരണകാരണം വെളിവായത്. ആറു മണിക്കൂര്‍ ചോദ്യം ചെയ്തതോടെ അമ്മ കുറ്റം സമ്മതിച്ചു.
സയന്‍സില്‍ ബിരുദമുള്ള ഈ സ്ത്രീയും ഐടി എഞ്ചിനീയറായ യുവാവും 2017ലാണ് വിവാഹിതരായത്. രണ്ടുവര്‍ഷത്തിന് ശേഷം കുട്ടി ജനിച്ചു. ഹിന്ദിയായിരുന്നു കുട്ടി പ്രധാനമായും സംസാരിച്ചിരുന്നത്. ഇതാണ് അമ്മയെ പ്രകോപിതയാക്കിയത്. മര്യാദക്ക് സംസാരിക്കാത്ത കുട്ടിയെ തനിക്ക് വേണ്ടെന്ന് സ്ത്രീ പലതവണ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. മാനസിക പ്രശ്‌നങ്ങള്‍ പറഞ്ഞ് കൊലപാതകിയെ വെറുതെവിടരുതെന്ന് അച്ഛന്‍ ആവശ്യപ്പെട്ടു.