യുവാവിനെ വ്യാജപീഡന കേസില്‍ കുടുക്കിയ യുവതിക്ക് മൂന്നരവര്‍ഷം തടവ്

Update: 2025-11-20 07:10 GMT

ലഖ്‌നോ: യുവാവിനെ വ്യാജപീഡന കേസില്‍ കുടുക്കിയ യുവതിക്ക് മൂന്നരവര്‍ഷം തടവ്. പീഡനക്കേസില്‍ യുവാവിനെ വെറുതെവിട്ടതിന് പിന്നാലെയാണ് 24കാരിയായ പരാതിക്കാരിയെ ശിക്ഷിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തെറ്റായ വിവരങ്ങള്‍ നല്‍കി മറ്റൊരാളെ ദ്രോഹിച്ചു, ഉപദ്രവിക്കാന്‍ വേണ്ടി വ്യാജ പരാതി നല്‍കി, വീട്ടില്‍ അതിക്രമിച്ചു കയറി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

ഈ വര്‍ഷം ആദ്യമാണ് യുവതി തന്റെ കാമുകനെതിരേ പീഡനപരാതി നല്‍കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി താന്‍ യുവാവുമായി പ്രണയത്തിലാണെന്നും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമായിരുന്നു ആരോപണം. മേയ് 30ന് താന്‍ യുവാവിന്റെ വീട്ടില്‍ പോയെന്നും അയാളുടെ അമ്മയും സഹോദരനും തന്നെ മര്‍ദ്ദിച്ചെന്നും യുവതി ആരോപിച്ചു. തുടര്‍ന്നാണ് യുവാവിനെതിരേ പീഡനക്കേസ് ഫയല്‍ ചെയ്തത്.

പരാതി ലഭിച്ച പോലിസ് യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. കഴിഞ്ഞ കുറെവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് അന്വേഷണത്തില്‍ പോലിസ് കണ്ടെത്തിയത്. യുവാവ് ഫെബ്രുവരിയില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് ആ ബന്ധം വിടാന്‍ യുവതി യുവാവിനെ സമ്മര്‍ദ്ദപ്പെടുത്തി. പരാതി നല്‍കിയെങ്കിലും മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാവാനും മുറിവുകള്‍ രേഖപ്പെടുത്താനും യുവതി വിസമ്മതിക്കുകയും ചെയ്തു.

തുടര്‍ന്ന് കേസ് വിചാരണയ്ക്ക് എത്തി. ബന്ധം തകരുമ്പോള്‍ യുവാക്കളെ പീഡനക്കേസില്‍ പ്രതിയാക്കുന്ന നിരവധി കേസുകള്‍ അറിയാമെന്ന് വിചാരണക്കോടതി പറഞ്ഞു. അത്തരം കേസുകളില്‍ പീഡനത്തിന് ശിക്ഷിക്കാനാവില്ല. സ്ത്രീകളുടെ ശാരീരിക സമഗ്രതയും സ്വയംഭരണവും സംരക്ഷിക്കാനാണ് പീഡനവിരുദ്ധ നിയമങ്ങള്‍. ബലം പ്രയോഗിച്ചോ വഞ്ചിച്ചോ സ്ത്രീകളെ ചൂഷണം ചെയ്യുന്നവരെ ശിക്ഷിക്കാനാണ് നിയമം. അത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങളെ കുറ്റകൃത്യമാക്കുന്നില്ല. മുതിര്‍ന്നവര്‍ തങ്ങളുടെ പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു.