നാലുമാസം പ്രായമുള്ള കുട്ടിയെ കൊന്നെന്ന കേസിലെ പ്രതിയായ ഇന്ത്യക്കാരിയുടെ വധശിക്ഷ നടപ്പാക്കി

Update: 2025-03-03 12:08 GMT

ന്യൂഡല്‍ഹി: നാലുമാസം പ്രായമുള്ള കുട്ടിയെ കൊന്നെന്ന കേസിലെ പ്രതിയായ ഇന്ത്യക്കാരിയുടെ വധശിക്ഷ യുഎഇ നടപ്പാക്കി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഷഹ്‌സാദി ഖാന്‍ എന്ന 33കാരിയുടെ വധശിക്ഷയാണ് ഫെബ്രുവരി പതിനഞ്ചിന് നടപ്പാക്കിയിരിക്കുന്നത്. ഷഹ്‌സാദിയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പിതാവ് ഷബീര്‍ ഖാന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ഫെബ്രുവരി 15ന് യുഎഇ സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

2021 ഡിസംബര്‍ 19നാണ് ഷഹ്‌സാദി വിസിറ്റ് വിസയില്‍ അബൂദബിയില്‍ എത്തിയത്. ഇതിന് ശേഷം കെയര്‍ടേക്കര്‍ വിസയില്‍ നിന്നു.  നാലുമാസം പ്രായമായ കുട്ടിയെ നോക്കലായിരുന്നു ജോലി. എന്നാല്‍, കുട്ടി മരിച്ചു. ഷഹ്‌സാദിയെ പ്രതിയാക്കി അബൂദബി പോലിസ് കേസെടുത്തു. 2023 ജൂലൈ 31ന് കോടതി വധശിക്ഷ വിധിച്ചു. 2024 ഫെബ്രുവരി 28ന് അപ്പീല്‍ കോടതിയും ശിക്ഷ ശരിവച്ചു. ഇതിന് ശേഷം അല്‍ വത്ബ ജയിലില്‍ ആണ് ഇവരെ അടച്ചിരുന്നത്.

ഫെബ്രുവരി 14ന് ഷഹ്‌സാദി തന്നെ ഫോണില്‍ വിളിച്ചെന്നും വധശിക്ഷ ഉടന്‍ നടപ്പാക്കാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഷബീര്‍ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിലപാട് തേടിയത്. ഷഹ്‌സാദിക്ക് വേണ്ടി യുഎഇയില്‍ പ്രത്യേക അഭിഭാഷകനെ നിയമിച്ചിരുന്നതായും നിയമപരമായ ശ്രമങ്ങള്‍ പരാജയപ്പെട്ടതായും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാര്‍ച്ച് അഞ്ചിന് യുഎഇയില്‍ നടക്കുന്ന സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ നല്‍കാമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. യുവതിയുടെ മരണം ദൗര്‍ഭാഗ്യകരമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി കേസിലെ നടപടികള്‍ അവസാനിപ്പിച്ചു.

കുട്ടിക്കാലത്ത് ശരീരത്തില്‍ ഏറ്റ പൊള്ളലുകള്‍ക്ക് ചികില്‍സ നല്‍കാമെന്ന് പറഞ്ഞ് മകളെ യുഎഇയിലേക്ക് കടത്തിയെന്നാണ് ഷബീര്‍ ഖാന്‍ പറയുന്നത്. ഷബീര്‍ ഖാന്റെ പരാതിയില്‍ ഷഹ്‌സാദിയെ യുഎഇയിലേക്ക് കൊണ്ടുപോയ യുവാവിനെതിരെ പോലിസ് കേസെടുത്തിരുന്നു. കുട്ടിയുടെ മരണം ചികില്‍സാപ്പിഴവ് മൂലമാണെന്നാണ് ഷഹ്‌സാദി അബൂദബി കോടതിയില്‍ വാദിച്ചത്. പോലിസ് സമ്മര്‍ദ്ദപ്പെടുത്തി കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയെന്നും ഷഹ്‌സാദി വാദിച്ചു.