കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടത് മറച്ചുവച്ച് വിവാഹം കഴിച്ച് യുവതി; കൊടുംക്രൂരതയെന്ന് ഹൈക്കോടതി
റാഞ്ചി: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടത് മറച്ചുവച്ച് വിവാഹം കഴിച്ച യുവതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജാര്‍ഖണ്ഡ് ഹൈക്കോടതി. ഭര്‍ത്താവിനോട് ചെയ്ത കൊടുംക്രൂരതയാണ് യുവതിയുടെ നടപടിയെന്ന് ഹൈക്കോടതി പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവിന് കോടതി വിവാഹമോചനം അനുവദിച്ചു. കൊലക്കേസിലെ ശിക്ഷ മറച്ചുവച്ചതിന് പുറമെ വയസിലും യുവതി മാറ്റം വരുത്തിയിരുന്നു. വിവാഹത്തിന് മുമ്പ് ഇത്തരം നിര്‍ണായക വിവരങ്ങള്‍ മറച്ചുവച്ചത് ഭര്‍ത്താവിന് മാനസിക വേദനയുണ്ടാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരക്കാരിയെ വിശ്വസിക്കാന്‍ പറ്റാത്തതിനാല്‍ അയാള്‍ മാറിത്താമസിക്കേണ്ടി വന്നു. ''ഈ വിവാഹത്തിന്റെ അടിത്തറ തന്നെ തെറ്റാണ്. അതിനാല്‍ ഈ വിവാഹത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമല്ല. പരസ്പര വിശ്വാസത്തിലും സൗഹൃദത്തിലും പങ്കിട്ട അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് ദാമ്പത്യം വളരുക''-കോടതി പറഞ്ഞു.
വിവാഹം കഴിഞ്ഞ് അല്‍പ്പകാലത്തിന് ശേഷമാണ് യുവതിയുടെ യഥാര്‍ത്ഥ പ്രായം ഭര്‍ത്താവിന് മനസിലായത്. അത് അയാള്‍ കാര്യമാക്കിയില്ല. എന്നാല്‍, കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലാണെന്ന് മനസിലായത് പിന്നീടാണ്. തുടര്‍ന്നാണ് കുടുംബകോടതിയില്‍ വിവാഹമോചന ഹരജി നല്‍കിയത്. കുടുംബകോടതി ഭര്‍ത്താവിന് അനുകൂലമായാണ് വിധിച്ചത്. ഈ വിധിക്കെതിരെയാണ് യുവതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. തനിക്ക് ജീവനാംശം വേണമെന്നും യുവതി ആവശ്യപ്പെട്ടു. പക്ഷേ, ഹൈക്കോടതി അനുവദിച്ചില്ല.