യുവതിയുടെ ആത്മഹത്യക്ക് പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു, അമ്മ ഗുരുതരാവസ്ഥയില്‍
നാഗ്പൂര്‍: ഭാര്യ ജീവനൊടുക്കി രണ്ടുദിവസത്തിനു പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി. ഭര്‍ത്താവിന്റെ അമ്മ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. സൂരജ് ശിവണ്ണ (36) എന്ന യുവാവാണ് നാഗ്പൂരില്‍ ഒരു ഹോട്ടല്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. ബെംഗളൂരു സ്വദേശിയായ യുവാവ് അമ്മയ്‌ക്കൊപ്പമാണ് മഹാരാഷ്ട്രയില്‍ എത്തിയത്.
ബെംഗളൂരുവില്‍ വച്ച് ഒക്ടോബര്‍ 29നായിരുന്നു സൂരജിന്റെയും ഗാന്‍വിയുടെയും വിവാഹം. ഹണിമൂണിനായി ശ്രീലങ്കയിലേക്ക് പോയെങ്കിലും ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് യാത്ര പാതിയാക്കി ഇവര്‍ തിരിച്ചുപോന്നിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആത്മഹത്യക്കു ശ്രമിച്ച ഗാന്‍വിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയ ഗാന്‍വിയുടെ മരണം വ്യാഴാഴ്ച സ്ഥിരീകരിച്ചു. യുവതിയുടെ മരണത്തിനു പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ സൂരജും കുടുംബവും മകളെ അധിക്ഷേപിച്ചിരുന്നെന്നു ചൂണ്ടിക്കാട്ടി ഗാന്‍വിയുടെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്നു ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സൂരജിനെതിരെ പോലിസ് കേസെടുത്തു. ഇതിന് പിന്നാലെയാണു സൂരജ് ആത്മഹത്യ ചെയ്തത്.