നിതീഷ് കുമാര്‍ നിഖാബ് നീക്കിയ ഡോക്ടര്‍ക്ക് ജോലി സ്വീകരിക്കുകയോ തുലയുകയോ ചെയ്യാമെന്ന് ഗിരിരാജ് സിങ്; ഫീനൈല്‍ ഉപയോഗിച്ച് വായ വൃത്തിയാക്കണമെന്ന് ഇല്‍തിജ മുഫ്തി

Update: 2025-12-18 12:42 GMT

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് വലിച്ചു താഴ്ത്തിയ മുസ്‌ലിം വനിതാ ഡോക്ടര്‍ക്ക് സര്‍ക്കാര്‍ ജോലി സ്വീകരിക്കുകയോ തുലയുകയോ ചെയ്യാമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. നിതീഷ് കുമാര്‍ ചെയ്ത കാര്യം ശരിയാണെന്ന് പാര്‍ലമെന്റിന് സമീപം വച്ച് ഗിരിരാജ് സിങ് പറഞ്ഞു. '' നിയമനക്കത്ത് സ്വീകരിക്കാന്‍ പോവുമ്പോള്‍ മുഖം കാണിക്കണം. ഇത് ഇസ്‌ലാമിക രാജ്യമാണോ? നിതീഷ് കുമാര്‍ അവരുടെ ഗാര്‍ഡിയനാണ്. പാസ്‌പോര്‍ട്ട് എടുക്കുമ്പോഴും വിമാനത്താവളത്തില്‍ പോവുമ്പോഴും മുഖം കാണിക്കണ്ടേ. നിങ്ങള്‍ പാകിസ്താനെ കുറിച്ചും ഇംഗ്ലീഷ്സ്ഥാനെ കുറിച്ചും സംസാരിക്കുന്നു. ഇത് ഇന്ത്യയാണ്. ഇവിടെ ഇന്ത്യയിലെ നിയമമാണ് നടക്കുക. നിതീഷ് കുമാര്‍ ചെയ്തതില്‍ തെറ്റില്ല.''- ഗിരിരാജ് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫീനൈല്‍ ഉപയോഗിച്ചാല്‍ മാത്രമേ ഗിരിരാജ് സിങിന്റെ വായ വൃത്തിയാവുള്ളൂയെന്ന് കശ്മീരിലെ പിഡിപി നേതാവ് ഇല്‍തിജ മുഫ്തി ഇതിനോട് പ്രതികരിച്ചു.

നിയമനക്കത്ത് നല്‍കിയെങ്കിലും അപമാനിക്കപ്പെട്ടതിനാല്‍ ജോലിക്ക് ചേരുന്നില്ലെന്നാണ് നിഖാബ് വലിച്ചുതാഴ്ത്തപ്പെട്ട ഡോ.നുസ്രത് പര്‍വീണ്‍ പറയുന്നത്. ഈ മാസം 20ന് സര്‍വീസില്‍ പ്രവേശിക്കാനാണ് നിയമനക്കത്ത് പറയുന്നത്. എന്നാല്‍ ജോലിയില്‍ ചേരില്ലെന്ന് നുസ്രത് ഉറപ്പിച്ചതായി സഹോദരന്‍ പറഞ്ഞു. നുസ്രതിനെ ആശ്വസിപ്പിച്ച് ജോലിക്ക് കയറാന്‍ പ്രേരിപ്പിക്കുകയാണ് കുടുംബം. ''മറ്റൊരാളുടെ തെറ്റിന് നുസ്രത് എന്തിന് സഹിക്കണം എന്നൊക്കെ ഞങ്ങള്‍ ചോദിച്ചു.''-സഹോദരന്‍ പറഞ്ഞു. ആയുഷ് ഡോക്ടര്‍മാര്‍ക്കുള്ള നിയമനക്കത്തു വിതരണ ചടങ്ങിലാണു ഡിസംബര്‍ 15 ന് നിതീഷ് കുമാര്‍ നുസ്രതിനോട് അപമര്യാദയായി പെരുമാറിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനിടെ അവരുടെ നിഖാബ് ഊരിമാറ്റാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു.