വാഷിങ്ടണ്‍: ഫലസ്തീനിലെ ഗസയിലെ വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടം തുടങ്ങിയെന്ന് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്. ഗസയില്‍ ഭരണം നടത്തുന്ന കമ്മിറ്റിയുടെ രൂപീകരണം, നിരായുധീകരണം, പുനര്‍നിര്‍മാണം എന്നിവയാണ് ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യുക. നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗസ എന്നായിരിക്കും സമിതിയുടെ പേരെന്ന് വിറ്റ്‌കോഫ് പറഞ്ഞു. ഈ കമ്മിറ്റിയായിരിക്കും നിരായുധീകരണം, വ്യക്തികളുടെ കൈവശമുള്ള ആയുധങ്ങള്‍ പിടിച്ചെടുക്കല്‍, പുനര്‍നിര്‍മാണം എന്നിവ നടപ്പാക്കുക. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസിന്റെ കസ്റ്റഡിയിലുള്ള ഒരു ഇസ്രായേലിയുടെ മൃതദേഹം വിട്ടുനല്‍കണമെന്ന് വിറ്റ്‌കോഫ് ആവശ്യപ്പെട്ടു. ഗസ ഭരിക്കാന്‍ 15 അംഗ സമിതിയായിരിക്കും രൂപീകരിക്കുകയെന്ന് ഇജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി ബദര്‍ അബ്ദെലാട്ടി പറഞ്ഞു. ഫലസ്തീന്‍ അതോറിറ്റിയുടെ മുന്‍ ഉപമന്ത്രി അലി ഷാത്തായിരിക്കും സമിതിക്ക് നേതൃത്വം നല്‍കുക. യുഎന്‍ പശ്ചിമേഷ്യന്‍ മുന്‍ പ്രതിനിധിയായ നിക്കോളായ് മദെനോവ് കമ്മിറ്റിയുടെ ഭാഗമായി ഗസയില്‍ പ്രവര്‍ത്തിക്കും. കമ്മിറ്റി രൂപീകരണത്തെ ഹമാസ് രാഷ്ട്രീയകാര്യസമിതിയുടെ ഉപദേശകനായ താഹിര്‍ അല്‍ നുനു സ്വാഗതം ചെയ്തു.