200 പോലിസുകാരുടെ സംരക്ഷണയില്‍ വധുവിന്റെ വീട്ടിലേക്ക് കുതിരപ്പുറത്ത് പോയി ദലിത് യുവാവ്
ജയ്പൂര്‍: കനത്ത പോലിസ് സുരക്ഷയില്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ള വരന്‍ കുതിരപ്പുറത്ത് കയറി വധുവിന്റെ വീട്ടിലേക്ക് പോയി. രാജസ്ഥാനിലെ അജ്മീറിലാണ് ദലിത് വിഭാഗത്തില്‍ നിന്നുള്ള വിജയ് റെഗാര്‍ റോഡെ എന്ന യുവാവും ലവേര ഗ്രാമത്തിലെ അരുണയും 200 പോലിസുകാരുടെ കാവലില്‍ വിവാഹിതരായത്. വിവാഹത്തിന്റെ ഭാഗമായുള്ള, വരന്‍ കുതിരപ്പുറത്തു പോവുന്ന ബിന്ദോളി എന്ന ചടങ്ങ് ഗ്രാമത്തിലെ സവര്‍ണര്‍ തടയുമെന്ന ആശങ്കയുള്ളതിനാലാണ് പോലിസ് സംരക്ഷണം തേടിയതെന്ന് അരുണയുടെ പിതാവ് നാരായണ്‍ ഖോര്‍വാല്‍ പറഞ്ഞു. ജില്ലാഭരണകൂടത്തിന്റെയും പോലിസിന്റെയും നിര്‍ദേശപ്രകാരം വിവാഹചടങ്ങില്‍ പടക്കം പൊട്ടിക്കുന്നതും ഡിജെയും ഒഴിവാക്കി.
ദലിത് വിഭാഗത്തില്‍ നിന്നുള്ള വധൂ-വരന്‍മാര്‍ കുതിരപ്പുറത്ത് കയറുന്നതിന് എതിരെ നിലപാടുള്ളവരാണ് പ്രദേശത്തെ സവര്‍ണവിഭാഗക്കാര്‍. പലപ്പോഴും ആക്രമണങ്ങളും നടക്കാറുണ്ട്. 2005ല്‍ തന്റെ സഹോദരി സുനിതയുടെ വിവാഹത്തിലും പ്രശ്‌നമുണ്ടായെന്ന് നാരായണ്‍ ഖോര്‍വാല്‍ പറഞ്ഞു. തുടര്‍ന്ന് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി. എന്നാല്‍, കുതിരയുടെ ഉടമ പിന്‍മാറി. പിന്നീട് ജീപ്പിലാണ് വരന്‍ സുനിതയുടെ വീട്ടിലേക്ക് പോയത്.
