വയനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷ ചര്‍ച്ചയാവണം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

തിരുവമ്പാടി മണ്ഡലം വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു റംഷീന ജലീല്‍.

Update: 2024-10-22 18:33 GMT

തിരുവമ്പാടി: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷ ചര്‍ച്ചയാവണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് റംഷീന ജലീല്‍ ആവശ്യപ്പെട്ടു. തിരുവമ്പാടി മണ്ഡലം വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു റംഷീന ജലീല്‍. വോട്ടര്‍മാരില്‍ പകുതിയിലധികം വരുന്ന സ്ത്രീ സമൂഹം രാജ്യവ്യാപകമായി നേരിടുന്ന പ്രതിസന്ധികള്‍ വിവരണാതീതമാണ്. തൊഴിലിടങ്ങളില്‍ മാത്രമല്ല, സ്വന്തം വീടുകളില്‍ പോലും പല തരത്തിലുള്ള ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമാണ് സ്ത്രീകള്‍ ഇരയായിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് ഫാഷിസ്റ്റ് അതിക്രമങ്ങളുടെ പ്രധാന ഇരയും സ്ത്രീകളാണ്.

സ്ത്രീ വിരുദ്ധ അതിക്രമങ്ങള്‍ 2011ല്‍ 2,28,650 ആയിരുന്നത് 2021 ആയപ്പോള്‍ 87 ശതമാനം വര്‍ധിച്ച് 4,28,278 ആയതായി നാഷനല്‍ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2017 മുതല്‍ 2024 വരെയുള്ള കാലയളവില്‍ മാത്രം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ 1,18,581 അതിക്രമ കേസുകളുണ്ടായി എന്നാണ് ആഭ്യന്തരവകുപ്പ് നല്‍കിയ രേഖകളെ അടിസ്ഥാനമാക്കി പുറത്തുവന്ന വാര്‍ത്ത. ഈ വര്‍ഷത്തെ ആദ്യ ആറു മാസങ്ങളില്‍ മാത്രം 1338 ബലാത്സംഗങ്ങളും 2330 പീഡനങ്ങളുമുള്‍പ്പെടെ 9501 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ഭീഷണിയും അപമാനവും ഭയന്ന് പരാതി നല്‍കാത്ത സംഭവങ്ങള്‍ ധാരാളമുണ്ട്. ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രൂരമായ ചൂഷണങ്ങള്‍ ഹേമ കമ്മിറ്റി റിപോര്‍ട്ട് വരച്ചു കാട്ടുന്നു. മധ്യപ്രദേശിലെ പവിത്ര നഗരിയായ ഉജ്ജയിനില്‍ തിരക്കേറിയ ജങ്ഷനില്‍ സ്ത്രീ ബലാത്സംഗത്തിനിരയായപ്പോള്‍ കണ്ടുനിന്ന ജനങ്ങള്‍ തടയാന്‍ ശ്രമിക്കുന്നതിന് പകരം കാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

മണിപ്പൂര്‍ കലാപത്തിനിടെ യുവതികളെ നഗ്‌നരായി തെരുവിലൂടെ നടത്തിച്ചതും പീഡനത്തിനിരയാക്കിയതും പരിഷ്‌കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്നതാണ്. കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗം ചെയ്ത് കൊല ചെയ്യപ്പെട്ട സംഭവത്തിലെ കോലാഹലങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. നിയമപാലന സംവിധാനം പോലും എത്രയധികം രോഗാതുരവും സ്ത്രീവിരുദ്ധവുമായിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലെ ഭരത്പുര്‍ പോലീസ് സ്‌റ്റേഷനില്‍ ഒരു യുവതിക്ക് നേരിടേണ്ടിവന്ന കൊടിയ ദുരനുഭവം. ഉന്നാവയും ഹാഥറാസും കത്വവയും മണിപ്പൂരും ഗുജറാത്തും നിര്‍ഭയമാരും നമ്മെ നിരന്തരം പേടിപ്പെടുത്തുന്നു. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഇടമായി രാജ്യം മാറിക്കൊണ്ടിരിക്കുന്നുവെന്ന് ആശങ്കപ്പെടുന്ന പശ്ചാത്തലത്തിലാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ മത്സരിക്കുന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് ശ്രദ്ധേയമാവുന്നതെന്നും റംഷീന ജലീല്‍ പറഞ്ഞു.

തിരുവമ്പാടി മണ്ഡലത്തിലെ സഹോദരിമാര്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തായിരിക്കണം വോട്ടുകള്‍ വിനിയോഗിക്കേണ്ടെതെന്നും അവര്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷറീന ശുക്കൂര്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി, മണ്ഡലം പ്രസിഡന്റ് സി ടി അഷ്‌റഫ്, സെക്രട്ടറി ഒ എ നസീര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നേതാക്കളായ റസീന നാസര്‍, ലുബ്‌ന റാഫി, ഷാനിബ , സാബിറ റസാഖ്, ടി പി സുബൈദ, റീസില ശിഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: