ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവും: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
തിരുവനന്തപുരം: ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും പൗരാവകാശ ലംഘനവുമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിത്. അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ കന്യാസ്ത്രീകളെ, നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് യുവതികളോടൊപ്പം യാത്ര ചെയ്യവെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അക്രമികള്‍ നിയമം കയ്യിലെടുത്തത്. 19 മുതല്‍ 22 വയസ്സു വരെ പ്രായമുള്ള യുവതികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകള്‍ക്കൊപ്പം യാത്ര ചെയ്തതെന്നിരിക്കെ, ഈ അറസ്റ്റ് തികച്ചും അന്യായവും അപലപനീയവുമാണ്. രാജ്യത്ത് ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിച്ച്, ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ചെറുത്തുതോല്‍പ്പിക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആവശ്യപ്പെട്ടു. സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി, നിരപരാധികളായ കന്യാസ്ത്രീകളെ ഉടനടി മോചിപ്പിക്കണമെന്നും, കള്ളക്കേസെടുക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എം ഐ ഇര്‍ഷാന ആവശ്യപ്പെട്ടു.