തെലങ്കാനയിലെ 15 വയസ്സുകാരി ആലിയ ബീഗത്തിന്റെ രക്തസാക്ഷിത്വം ഹൃദയഭേദകം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തെലങ്കാനയില്‍ പതിനഞ്ചുകാരി ആലിയ ബീഗം രക്തസാക്ഷിയായ സംഭവം ഹൃദയഭേദകമാണെന്നും അവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഇസ്‌ലാം ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ ഉറപ്പാക്കണം.
രാജ്യത്ത് ശക്തവും വ്യക്തവുമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും നിയമവ്യവസ്ഥയെ നഗ്‌നമായി ധിക്കരിച്ചുകൊണ്ട് ആള്‍ക്കൂട്ട അക്രമങ്ങള്‍ രാജ്യത്ത് ഭയാനകമായ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അസ്വസ്ഥജനകമായ ഈ പ്രവണത നിയമപാലകരുടെയും ഭരണകൂടത്തിന്റെയും ഗുരുതരമായ പരാജയത്തെയാണ് ബോധ്യപ്പെടുത്തുന്നത്.
ആര്‍എസ്എസ് അനുഭാവികളുടെ സ്വാധീനത്തില്‍ വര്‍ധിച്ചു വരുന്ന നിയമലംഘനം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നു. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് സ്ഥിതി കൂടുതല്‍ വഷളാക്കും. ഇത്തരം ക്രൂരതയ്‌ക്കെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപിക്കുന്നത് തടയുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും യാസ്മിന്‍ ഇസ്‌ലാം അഭ്യര്‍ഥിച്ചു.