ഗ്രീന്‍ലാന്‍ഡിനെ ആക്രമിച്ചാല്‍ 'ആദ്യം വെടിവയ്ക്കും, ചോദ്യങ്ങള്‍ പിന്നീട്': ഡെന്‍മാര്‍ക്ക്
കോപ്പന്‍ഹേഗന്‍: ഗ്രീന്‍ലാന്‍ഡില്‍ അധിനിവേശം നടത്തുന്നവര്‍ക്ക് നേരെ വെടിവയ്ക്കുമെന്ന് ഡെന്‍മാര്‍ക്ക് പ്രതിരോധ മന്ത്രാലയം. ചോദ്യവും പറച്ചിലും രണ്ടാമത്തെ കാര്യമാണെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ശീതയുദ്ധ കാലത്തെ സൈനിക നയം ഡെന്‍മാര്‍ക്ക് പുതുക്കിയത്. അധിനിവേശം ഉണ്ടായാല്‍ സൈനികനേതൃത്വത്തിന്റെ ഉത്തരവ് നോക്കാതെ വെടിവയ്ക്കണമെന്നാണ് 1952ലെ ഡെന്‍മാര്‍ക്കിന്റെ സൈനികനയം പറയുന്നത്. യുദ്ധത്തെ കുറിച്ച് സൈനിക കമാന്‍ഡര്‍മാര്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും വെടിവയ്ക്കണമെന്നാണ് നയം നിര്‍ദേശിക്കുന്നത്. ബലം പ്രയോഗിച്ചായാലും ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്നാണ് ട്രംപ് പറയുന്നത്. അതിനാല്‍ തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഡെന്‍മാര്‍ക്കിന് അനുകൂലമായി ചര്‍ച്ചകള്‍ നടത്തുന്നു. ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ നോയല്‍ ബാരറ്റ് ജര്‍മന്‍, പോളിഷ് വിദേശകാര്യമന്ത്രിമാരുമായി ഉടന്‍ ചര്‍ച്ച നടത്തും. 57,000 പേര്‍ താമസിക്കുന്ന ഗ്രീന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്കിന് കീഴിലാണ്. ഗ്രീന്‍ലാന്‍ഡ് പിടിക്കണമെന്ന് 2019 മുതല്‍ ട്രംപ് ആവശ്യപ്പെടുന്നുണ്ട്.