''ബാബരി മസ്ജിദ് നിര്‍മാണം'': ഹുമായൂണ്‍ കബീര്‍ എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു
കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിലനിന്ന ബാബരി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറിന് മുര്‍ഷിദാബാദില്‍ മറ്റൊരു ''ബാബരി മസ്ജിദിന്'' തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ച ഹുമായൂണ്‍ കബീര്‍ എംഎല്‍എയെ തൃണമൂല്‍ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന ഗവര്‍ണറുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൊല്‍ക്കത്ത മേയറുമായ ഫിര്‍ഹാദ് ഹക്കീമാണ് സസ്‌പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചത്. '' ബാബരി മസ്ജിദ് നിര്‍മിക്കുമെന്ന് മുര്‍ഷിദാബാദ് എംഎല്‍എ പ്രഖ്യാപിച്ചു. എന്തുകൊണ്ടാണ് പെട്ടെന്നൊരു ബാബരി മസ്ജിദ്. പാര്‍ട്ടി തീരുമാനപ്രകാരം ഹുമായൂണ്‍ കബീറിനെ സസ്‌പെന്‍ഡ് ചെയ്യുകയാണ്.''-ഫിര്‍ഹാദ് ഹക്കീം പറഞ്ഞു.
എന്നാല്‍, ബാബരി മസ്ജിദുമായി മുന്നോട്ടുപോവുമെന്ന് ഹുമായൂണ്‍ കബീര്‍ പറഞ്ഞു. ഭരണഘടനാ അവകാശം ഉപയോഗിച്ചാണ് മസ്ജിദിന് തറക്കല്ലിടുകയെന്നും മറ്റു സമുദായങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയല്ലെന്നും രാഷ്ട്രീയ പ്രേരിതമായ അനാവശ്യമായ ഉപദേശമാണ് അയാള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മസ്ജിദ് നിര്‍മാണത്തിന് തറക്കല്ലിടാന്‍ മുര്‍ഷിദാബാദ് ജില്ലാ ഭരണകൂടം ഇതുവരെയും അനുമതി നല്‍കിയിട്ടില്ല. പരിപാടി തടയാന്‍ ശ്രമിക്കുകയാണെങ്കില്‍ രെജിനഗര്‍ മുതല്‍ ബെഹരാംപൂര്‍ വരെയുള്ള ഹൈവേ ബ്ലോക്ക് ചെയ്യുമെന്നാണ് ഹുമായൂണ്‍ കബീര്‍ ഇപ്പോള്‍ പറയുന്നത്. മസ്ജിദിന് തറക്കല്ലിടുന്ന ബെല്‍ദാംഗ പ്രദേശത്ത് സ്ഥാപിച്ച പോസ്റ്ററുകള്‍ പോലിസ് കീറുകയാണ്. ഇപ്പോഴത്തെ പോസ്റ്ററുകള്‍ പ്രതീകാത്മകമാണെങ്കിലും എപ്പോള്‍ വേണമെങ്കിലും അക്രമാസക്തമാവാമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നത്.
