കണ്ണൂരില്‍ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

Update: 2025-02-23 13:27 GMT

കണ്ണൂര്‍: ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇരുവരേയും ആന ആക്രമിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് വിവരം. ആർആർടി സംഘം പ്രദേശത്തെത്തിയിട്ടുണ്ട്. ആന കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ മൃതദേഹം പ്രദേശത്ത് നിന്നും മാറ്റാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് എത്തിയെങ്കിലും പ്രദേശവാസികൾ തടഞ്ഞു. സ്ഥലത്തു സംഘർഷാവസ്ഥയാണ്. വനംവകുപ്പിനെതിരെ ജനം കടുത്ത പ്രതിഷേധമുയർത്തി. ആറളം പൊലീസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധനും സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്.

ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. വേലി നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരേ മേഖലയിൽ പ്രതിഷേധവും ശക്തമാണ്.