മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ട ആനയെ മയക്കുവെടി വച്ചു

Update: 2025-02-19 02:10 GMT

അതിരപ്പിള്ളി: മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ അലയുകയായിരുന്ന കാട്ടാനയെ മയക്കുവെടി വച്ചു. വെറ്റിലപ്പാറയ്ക്കു സമീപം എണ്ണപ്പനത്തോട്ടത്തിലെ പുഴയിലേക്കിറങ്ങിയ ആന തുരുത്തിലേക്കു നീങ്ങുമ്പോഴാണു ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം വെടിവച്ചത്. രണ്ടുതവണ വെടിവച്ചെന്നാണു വിവരം. ഇനി കുങ്കിയാനകളുള്ള സ്ഥലത്തേക്ക് ഈ ആനയെ എത്തിക്കണം. കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ കുങ്കിയാനകളെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി വനംവകുപ്പ് എത്തിച്ചിരിക്കുന്നത്. എന്നാല്‍, കാട്ടാനയുടെ കൂടെ മറ്റൊരു ആനയുമുള്ളതിനാല്‍ ഏറെ ശ്രദ്ധയോടെയാണ് ഓരോ നീക്കവും. ആന മയങ്ങിയാല്‍ ഉടന്‍ പിടികൂടി ലോറിയില്‍ കയറ്റി കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കു മാറ്റും. കോടനാട് കൂടിന്റെ നിര്‍മാണം ഇന്നലെ രാത്രി പൂര്‍ത്തിയായിരുന്നു. ആനയെ കൊണ്ടു പോകുന്നതിനുള്ള വാഹനങ്ങളും തയാറാക്കിയിട്ടുണ്ട്.

ജനുവരി 15 മുതലാണ് മുറിവേറ്റ ആനയെ പ്ലാന്റേഷന്‍ എസ്‌റ്റേറ്റില്‍ കണ്ടുതുടങ്ങിയത്. 24ന് ആനയെ പിടികൂടി ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മുറിവില്‍ പുഴുവരിച്ച നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തുടരാന്‍ തീരുമാനിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു.